കവികള്‍ സമകാലീന പ്രമേയങ്ങളിലേക്ക് ചുരുങ്ങരുത്: കെ.ജയകുമാര്‍

തേഞ്ഞിപ്പലം: കവിതയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ആരെയും പ്രകോപിപ്പിക്കുന്ന പുതിയ പ്രമേയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാകണമെന്ന് കവിയും മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ കെ.ജയകുമാര്‍ ഐ.എ.എസ് പറഞ്ഞു. ലോക കവിതാദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവകുപ്പ് സംഘടിപ്പിച്ച കവിതാ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ മിക്ക കവിതകളും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനേറ്റ തിരിച്ചടി പോലുള്ള സമകാലീനമായ ഒന്നുരണ്ട് പ്രമേയങ്ങളില്‍ മാത്രം ഒതുങ്ങുന്നതായി കാണുന്നു. അവയെക്കുറിച്ചും തീര്‍ച്ചയായും കവിതകള്‍ എഴുതേണ്ടത് തന്നെയാണ്. എന്നാല്‍ അങ്ങനെയേ പാടുള്ളൂവെന്ന ധാരണയുണ്ടാകുന്നത് ഉചിതമല്ല. കവിതയെ ചില ആനുകാലിക കവികള്‍ അങ്ങിനെയുള്ള ചില കുറ്റികളില്‍ കൊണ്ട് കെട്ടിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ വേദനകളെ വിളിച്ചുവരുത്താന്‍ വേണ്ടിയുള്ള ധീരമായ ആവിഷ്‌കാരങ്ങളിലൂടെയാണ് കവികള്‍ പ്രകോപനം സൃഷ്ടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങമ്പുഴയെ പോലെ കവിതയെഴുതിയ ആയിരം പേര്‍ അക്കാലങ്ങളില്‍ ഉണ്ടായിരുന്നു. അവരൊക്കെയും ചരിത്രത്തില്‍ നിന്ന് നിശ്ശേഷം മാഞ്ഞുപോയത് പുതിയ കവികള്‍ക്ക് പാഠമാവണം. നിലവിലുള്ള പ്രശസ്തരായ കവികളുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെട്ട് പുതുസരണിയിലൂടെ സഞ്ചരിക്കാനാകണം പുതിയ കവികള്‍ ശ്രദ്ധിക്കേണ്ടത്. സൈബര്‍ ലോകത്ത് സാന്നിധ്യമറിയിക്കുന്ന നൂറ് കണക്കിന് കവികള്‍, കവിത സജീവമായി നിലനില്‍ക്കുന്നതിന്റെ തെളിവാണെന്നും കെ.ജയകുമാര്‍ പറഞ്ഞു.
പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, പ്രമുഖ കവി കെ.ആര്‍.ടോണി, ഇ.പി.ജ്യോതി, ഡോ.ഉമര്‍ തറമേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles