HIGHLIGHTS : ഒരുനാടിന്റെയാകെ തേങ്ങലായ് താനൂര്‍ വാഹനാപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ
ഒരുനാടിന്റെയാകെ തേങ്ങലായ് താനൂര്‍ വാഹനാപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കമുള്ള എട്ടുപേരുടെ മൃതദേഹങ്ങള്‍ ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് 1.30 ഓടെ വള്ളിക്കുന്ന് കൊടക്കാട് വെസ്റ്റ് മുനീറുല്‍ ഇസ്ലാം മദ്രസയില്‍ പൊതുദര്‍ശനത്തിനുവെച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒരുനോക്കുകാണാനെത്തിയ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സങ്കടം അണപൊട്ടിയൊഴുകന്ന കാഴ്ചയാണ് മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വച്ച മദ്രസയില്‍ കാണാന്‍ കഴിഞ്ഞത്. അണപൊട്ടിയ സങ്കടത്തെ പിടിച്ചുനിര്‍ത്താനാകാതെ ഒരു ഗ്രാമമൊന്നടങ്കം മദ്രസയിലേക്കെത്തിച്ചേരുകയായിരുന്നു. ഉറ്റവരുടെ ചേദനയറ്റ ശരീരം കണ്ട പലരും കുഴഞ്ഞു വീണു.
രണ്ടുമണിയോടെ അര്‍ഷക്കിന്റെതൊഴികെ ഏഴുപേരുടെ മൃതദേഹങ്ങള്‍ വള്ളിക്കുന്ന് കൊടക്കാട് പടിഞ്ഞാറെ ജുമഅത്ത് പള്ളിയില്‍ ഖബറടക്കി. അര്‍ഷക്കിന്റെ മൃതദേഹം ചെട്ടിപ്പടി ആലുങ്ങള്‍ കടപ്പുറത്താണ് ഖബറടക്കിയത്.

മയ്യത്ത് നമസ്‌ക്കാരത്തിന് കോഴിക്കോട് വലിയ ഖാസി സയ്യ്ദ് മൂഹമ്മദ് ജമലുല്ലൈലി മുഹമ്മദ് കോയത്തങ്ങള്‍ നേതൃത്വം നല്‍കി. മയ്യത്ത് നമസ്‌ക്കാരത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. രാഷ്ട്രീയ, സാമൂഹിക, സാംസക്കാരിക രംഗത്തെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഇവിടെയെത്തിയിരുന്നു.