Section

malabari-logo-mobile

ജില്ലയില്‍ റോഡ് അറ്റകുറ്റപ്പണികള്‍ തുടങ്ങി; വേണ്ടത് 40 കോടി

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ 40 കോടി രൂപ വേണ്ടി വരുമെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജില്ലാ വികസന സമിതിയോഗത്തില്‍ അറിയിച്ചു. 10 കോടി രൂപ ആദ്യ വിഹിതമായി സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 13 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരിട്ട് ജില്ലയിലെത്തി മൊത്തം സ്ഥിതിഗതികളും വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ സി.എ. ലതയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റോഡ് അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് പുരോഗതി ഉദേ്യാഗസ്ഥര്‍ വിവരിച്ചു.
ജില്ലയില്‍ മൊത്തം 2300 കിലോമീറ്റര്‍ മേജര്‍ ജില്ലാ റോഡുകളും 300 കിലോമീറ്റര്‍ സംസ്ഥാന പാതയുമുണ്ട്. ഇതില്‍ 888 കിലോമീറ്റര്‍ റോഡുകളെ കാലവര്‍ഷം കാര്യമായി ബാധിച്ചിട്ടുണ്ട്്. ഇതില്‍ 780 കിലോമീറ്റര്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുമതി നല്‍കി. 527 കിലോമീറ്റര്‍ റോഡുകളില്‍ പണി വേഗത്തില്‍ നടന്നുവരികയാണ്. ഓണത്തിന് മുമ്പായി പരമാവധി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
എല്ലാ വകുപ്പുകളും പ്ലാന്‍ ഫണ്ടിലുള്‍പ്പെട്ട പ്രവൃത്തികളുടെ 30 ശതമാനമെങ്കിലും സെപ്തംബറില്‍ പൂര്‍ത്തീകരിക്കണമെന്നു കലക്ടര്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ ആസൂത്രണ ബോര്‍ഡ് നേരിട്ട് ഈ കാര്യം അവലോകനം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. കര്‍ഷകര്‍ക്കുളള വിവിധ സഹായങ്ങള്‍ ചെക്കായി നേരിട്ട് നല്‍കാന്‍ അനുമതി തേടിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2012 മാര്‍ച്ച് വരെയുളള കാര്‍ഷിക നഷ്ടപരിഹാരമായി 1.99 കോടി രൂപ വിതരണം ചെയ്തു.
കൊയിലാണ്ടി-അരിക്കുളം- പേരാമ്പ്ര റോഡ് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അതിന്റെ തുടര്‍ഘട്ടമായി പെരുവണ്ണാമൂഴി – വയനാട് ചുരം ബദല്‍ റോഡ് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാളികേര കര്‍ഷകര്‍ക്കാശ്വാസമായി കിലോഗ്രാമിന് 25 രൂപയെങ്കിലും നല്‍കി പച്ചത്തേങ്ങ സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. കെ. ദാസന്‍ എം.എല്‍.എ.യാണ് ഇത് സംബന്ധിച്ച പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ഡോക്ടര്‍മാരുടെ 47 ഒഴിവുകള്‍ നിലവിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ സ്ഥിതിഗതികള്‍ വളരെ സങ്കീര്‍ണമാണെന്ന് കെ. ദാസന്‍ എം.എല്‍.എ.ചൂണ്ടിക്കാട്ടി. താത്കാലികമായി ഇവിടേക്ക് നിയോഗിച്ച ഡോക്ടര്‍മാരും ചുമതല ഏറ്റിട്ടില്ലെന്ന് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ. ശാന്ത പറഞ്ഞു. 2000 ത്തിനുമേല്‍ ഒ.പി യുളള ആശുപത്രിയാണിത്. ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ വേഗത്തില്‍ നികത്തണമെന്ന് യോഗം അഭ്യര്‍ഥിച്ചു. വടകര താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും വേണ്ടത്ര ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷന്‍ പി.പി.രഞ്ജിനി പറഞ്ഞു. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി യുടെ പ്രതിനിധി എ.അരവിന്ദന്‍ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി സംഘങ്ങളില്‍ നിന്നും സ്‌കൂള്‍ മുഖേന തുണി വാങ്ങാനുളള അനുമതി നല്‍കണമെന്ന് സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.എല്‍.എ മാരായ കെ.കെ.ലതിക, സി.കെ.നാണു എന്നിവര്‍ ഇതു സംബന്ധിച്ച സാഹചര്യങ്ങള്‍ വിശദീകരിച്ചു. തിരുവമ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ വേഗത്തില്‍ സ്ഥാപിക്കണമെന്ന് സി. മോയിന്‍കുട്ടി എം.എല്‍.എ അഭ്യര്‍ഥിച്ചു. കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍ നിന്നും കാര്‍ഷിക വിളകളെ രക്ഷിക്കുന്നതിന് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. തെങ്ങിന്റെ കൂമ്പ് ചീയല്‍ രോഗപ്രതിരോധത്തിന് നടപടി വേണമെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. മലയോര മേഖലയില്‍ ഗ്രാമ്പൂ കൃഷി പ്രോല്‍സാഹനത്തിന് നടപടിവേണമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗം ഉദേ്യാഗസ്ഥരുടെ ഒഴിവ് നികത്തണമെന്ന് സി.കെ. നാണു എം.എല്‍.എ. ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍ നികത്താനും പാഠപുസ്തക വിതരണത്തിലെ അപാകം പരിഹരിക്കാനും ജാഗ്രത കാട്ടണമെന്ന് കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. കിനാലൂര്‍ വൈദ്യുതി സബ് സ്റ്റേഷന്‍ നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ദുര്‍ബല വിഭാഗങ്ങളുടെ സ്വയം പര്യാപ്ത കോളനി വികസന പദ്ധതിക്കുളള നടപടികള്‍ പട്ടികജാതി വികസന വകുപ്പ് അടിയന്തരമായി കൈക്കൊളളണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ബാലുശ്ശേരി മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ഏറ്റെടുത്ത പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്നും എം.എല്‍.എ അഭ്യര്‍ഥിച്ചു.ഗ്രാമവികസന പദ്ധതികള്‍ നടപ്പാക്കുന്നതിലെ സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പി.ടി.എ റഹിം എം.എല്‍.എ ആവശ്യപ്പെട്ടു. മന്ത്രി എം.കെ മുനീറിന്റെ പ്രതിനിധി കെ. മൊയ്തീകോയ സന്നിഹിതനായിരുന്നു.
സര്‍വ്വീസില്‍ നിന്നും വിരമിച്ച അഡീ: ജില്ലാ മജിസ്‌ട്രേറ്റ് കെ.പി.രമാദേവിക്ക് സമിതി യാത്രയയപ്പ് നല്‍കി. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.എ രമേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. വിനോദ് സുതാര്യ കേരളം പരിപാടിയുടെ പുരോഗതി അവലോകനം ചെയ്തു. ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ് ഉം ജില്ലാതല ഉദേ്യാഗസ്ഥരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!