ഓഖി ദുരന്തം: കേന്ദ്ര സംഘം ഇന്ന് ജില്ലയില്‍ : 20 കോടിയുടെ നാശനഷ്ടക്കണക്ക് സമര്‍പ്പിക്കും

മലപ്പുറം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം ഡിസംബര്‍ 28ന് ജില്ലയിലെത്തും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് 20 കോടി രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. അന്തിമ കണക്ക് കലക്‌ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗം തയ്യാറാക്കിവരുന്നു. കാര്‍ഷിക മേഖലയില്‍ മാത്രം 1.4 കോടിയുടെ നഷ്ടമുണ്ട്. ഭവനനാശം 11.5 കോടി രൂപയുടെതാണ്. നാശനഷ്ടത്തിന്റെ കണക്ക് ജില്ലാ കലക്ടര്‍ കേന്ദ്രസംഘത്തിന്റെ മുന്നില്‍ അവതരിപ്പിക്കും. ജില്ലയിലെ കടല്‍ ഭിത്തി നിര്‍മ്മാണത്തിന് മാത്രമായി 42.55 കോടി രൂപയുടെ കണക്കും ജില്ലാ കലക്ടര്‍ സംഘത്തിന് സമര്‍പ്പിക്കും.

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ഡയറക്ടര്‍ എം.എം.ദാക്‌ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുത്. കൃഷി മന്ത്രാലയം ഡയരക്ടര്‍ ആര്‍.പി.സിംഗ്, ഷിപ്പിംഗ് മന്ത്രാലയത്തിന്റ ഡയരക്ടര്‍ ചന്ദ്രമണി റാവത്ത് തുടങ്ങിയവരാണ് സംഘത്തിലുള്ള മറ്റ് രണ്ട് പേര്‍ .

സംഘത്തെ രാവിലെ 10 ന് പൊന്നാനി പാലപ്പെട്ടിക്ക് സമീപം ജില്ലാ കലക്ടര്‍ അമിത് മീണയും സംഘവും സ്വീകരിക്കും. തുടര്‍ന്ന് 10.30 ന് തിരൂര്‍ ചമ്രവട്ടത്തിന് സമീപമുള്ള ഹോട്ടല്‍ റൗബ റസിഡന്‍സിയില്‍ ജില്ലയിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ജില്ലാ കലക്ടറും ജില്ലാതല ഉദ്യേഗസ്ഥരും വിശദീകരിക്കും. തുടര്‍ന്ന്, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ ഓഖി ബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. രാത്രി 10ന് സംഘം കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി തിരുവനന്തപുരത്തേക്ക് തിരിക്കും.
കലക്‌ട്രേറ്റില്‍ ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡപ്യുട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്,ഡോ.ജെ.ഒ. അരു തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top