ഒറ്റദിവസം കൊണ്ട് ഷവര്‍മ പശര്‍മയായി

മലപ്പുറം : ഒറ്റദിവസംകൊണ്ട് ഷവര്‍മ മാര്‍ക്കറ്റ് കുത്തനെ താഴോട്ട്. രാത്രി എട്ടുമണിയോടെ കാലിയാകുന്ന ഷവര്‍മതട്ടുകള്‍ ഇന്ന് 9 മണി കഴിഞ്ഞിട്ടും 30 ശതമാനം പോലും ഷവര്‍മ വിറ്റഴിക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ് മലപ്പുറത്തെ ഹോട്ടലുകളും ഫാസ്റ്റ്ഫുഡ് സെന്ററുകളും.

തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തോടെയാണ് ഷവര്‍മയും തന്തൂരിയുമടക്കമുള്ള ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്ന കടകളെ കുറിച്ചും ഇതിനുപയോഗിക്കുന്ന കോഴിയെ കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഷവര്‍മയ്ക്കും തന്തൂരിക്കും ചത്തകോഴികളെ കൂടുതല്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇന്ന് ഷവര്‍മയും തന്തൂരിയും കഴിക്കാന്‍ ആളെ കിട്ടാതായത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ചെറുഅങ്ങാടികളിലടക്കം വ്യാപകമായി ഷവര്‍മ സെന്ററുകളും തന്തൂരി ധാബകളും കൂണുപോലെ ഉയര്‍ന്നു വന്നു. കച്ചവടക്കാര്‍ക്ക്്്്്്്്്്് ഈ ബിസിനസില്‍ വന്‍ലാഭമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചുകൊണ്ടിരുന്നത്.

ജില്ലയിലെ ഗ്രാമങ്ങളില്‍ ഒരോന്നിലും ശരാശരി 500 കിലോ കോഴി ഈ വിഭവങ്ങള്‍ ഉണ്ടാക്കന്‍മാത്രം ദിനംപ്രതി ഉപയോഗിക്കുന്നുണ്ട്. ഇതിനുപയോഗിക്കുന്ന കോഴിയിറച്ചി പലപ്പോഴും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കോഴിലോഡുകളിലെ ചത്തകോഴികളാണെന്ന പത്രറിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരുന്നത്. ഈ കോഴികളെ ചൂടുവെള്ളത്തില്‍ ഇട്ട് വൃത്തിയാക്കിയ ശേഷം ഹോട്ടലുകളിലേക്കും ബാറുകളിലേക്കും കൈമാറുകയാണ് പതിവ്്. ഈ ഇറച്ചി കിലോക്ക് 30 രൂപയായാണ് ഹോട്ടലുകാര്‍ വാങ്ങുന്നത്.

ഈ വിഭവമൊരുക്കാന്‍ ഉപയോഗിക്കുന്ന മയോണിസ് ഭൂരിഭാഗം സ്ഥലങ്ങളിലും രാസവസ്തുക്കള്‍ ഉപയോഗിച്ച് പാകപ്പെടുത്തുന്നതാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഏതായാലും ഷവര്‍മ കഴിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തോടെ ഗള്‍ഫ് ഭക്ഷണ അനുകരണത്തിന്റെ ഭാഗമായികൂടി തുടങ്ങിയ ഷവര്‍മ കഴിക്കലിന് മലയാളി തല്‍ക്കാലത്തേക്ക് ഗുഡബൈ പറഞ്ഞ മട്ടാണ്.

Related Articles