HIGHLIGHTS : കോഴിക്കോട് : ചെറിയ ഇടവേളക്ക് ശേഷം സൗരോര്‍ജ്ജത്തിന്റെ ചൂടില്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയവും കത്തി തുടങ്ങുന്നു.
കോഴിക്കോട് : ചെറിയ ഇടവേളക്ക് ശേഷം സൗരോര്‍ജ്ജത്തിന്റെ ചൂടില്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയവും കത്തി തുടങ്ങുന്നു. മുരളീധരന്‍ കൂടി ചേക്കേറിയതോടെ ശക്തമായ ഐ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ കരുക്കള്‍ നീക്കി തുടങ്ങി. സൗരോര്‍ജ്ജ തട്ടിപ്പ് കേസില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ട് രമേശ് ചെന്നിത്തല രംഗത്തെത്തി. . സോളാര്‍ അഴിമതി കേസില്‍ കോണ്‍ഗ്രസ് ആരെയും സംരക്ഷിക്കുകയില്ലെന്നും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും രമേശ് ചെന്നിത്തല ഇന്ന് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മുരളീധരനുമായി കൂടികാഴ്ച നടത്തിയ ശേഷമാണ് ചെന്നിത്തലയുടെ ഈ പ്രസ്താവന.
ജോപ്പനേക്കാള്‍ വലിയ താപ്പാനകള്‍ യുഡിഎഫ് മന്ത്രി സഭയിലെ മന്ത്രിമാരുടെ സ്റ്റാഫിലുണ്ടെന്ന് കെ മുരളീധരന്‍ തുറന്നടിച്ചു. ഇത്തരക്കാര്‍ മന്ത്രിമാരുടെ ഫയലുകള്‍ പൂഴ്ത്തുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്ത വ്യക്തിപരമായ അടുപ്പമുള്ളവരെ സ്റ്റാഫിലെടുത്തതിനെകുറിച്ചുള്ള അതൃപ്തി ഇന്നലെ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ ചെന്നിത്തല പ്രകടിപ്പിച്ചിരുന്നു. ഇനി മുതല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രമെ നിയമിക്കൂ എന്നും വ്യക്തമാക്കിയിരുന്നു.
ജോപ്പന്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സൗരോര്‍ജ്ജ വിഷയത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലായെങ്കിലും മുഖ്യമന്ത്രിയെ പ്രതിരോധിക്കേണ്ട എന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. വരും ദിനങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് പരസ്യമായി രംഗത്ത് വരാനുള്ള സാധ്യതയും തള്ളികളയാനാവില്ല.