Categories

ഉച്ചവെയില്‍ത്തുമ്പികള്‍

ഉച്ചവെയിലിന്റെ കുഴപ്പിക്കുന്ന പൊള്ളലുകളില്‍ വെന്തു നീറുമ്പോള്‍, മനസ്സില്‍ മറഞ്ഞ പ്രഭാതത്തിന്റെ തണുപ്പിലേക്ക് തിടുക്കത്തില്‍ ഞാന്‍ ഉള്‍ചേരുന്നു.

ഇതെന്റെ മദ്ധ്യാഹ്നം!

സുഷമ കണിയാട്ടില്‍, പരപ്പനങ്ങാടി നെടുവ ജി എം യു പി സ്‌കൂള്‍ അധ്യാപികയാണ് ലേഖിക

ഉച്ചവെയിലിന്റെ കുഴപ്പിക്കുന്ന പൊള്ളലുകളില്‍ വെന്തു നീറുമ്പോള്‍, മനസ്സില്‍ മറഞ്ഞ പ്രഭാതത്തിന്റെ തണുപ്പിലേക്ക് തിടുക്കത്തില്‍ ഞാന്‍ ഉള്‍ചേരുന്നു.
അവിടെയാണെന്റെ കുട്ടിത്തത്തിന്റെ മയില്‍പീലിയിതളുകള്‍!, മഴവില്‍ത്തുണ്ടുകള്‍! ആ വര്‍ണരാശികളിലെവിടെയോ നിതാന്ത ജാഗ്രത്തില്‍ എന്റെ

സ്‌കൂളുണ്ട്. സ്‌കൂള്‍ മുറ്റത്തിന്റെ ചെമ്പക മണമുണ്ട്. മൃദുവായ ചുവടുകളുമായി ഒരു ചോക്കുതുണ്ടില്‍ നിറഞ്ഞ ചിരിയുമായി എന്റെ ടീച്ചറുണ്ട്. എന്നെ തൊട്ടുതലോടിപ്പോയ അവരുടെ നനുത്തു നേര്‍ത്ത വിരല്‍ സ്പന്ദമുണ്ട്.

സെന്റ്‌തെരേസ് കോണ്‍വെന്റ് സ്‌കൂള്‍

കറുത്ത ബോര്‍ഡിലെ ആ ഉരുണ്ട്‌വെളുത്ത അക്ഷരങ്ങളില്‍ അടയിരുന്നാണ് ഞാന്‍ , ഈ ‘ഞാന്‍’ ആയിമാറിയത്. മോഹങ്ങളില്‍ ചിറകുമുളപ്പിച്ച് ചിന്തകളുടെ അനന്താകാശത്തില്‍ ‘റാകിപറന്നുപാറാന്‍’ ഞാന്‍ പ്രാപ്തയാകുന്നത് അവരുടെ ആ ക്ലാസ്മുറികളില്‍ നിന്നാണ്. സെന്റ്‌തെരേസ് കോണ്‍വെന്റിലെ അടിച്ചമര്‍ത്തി നിര്‍ത്തിയ ബഹളങ്ങളില്‍ ഉഗ്രഫണം വീശിയാടി പെണ്‍ചൊങ്ങച്ചത്തിന്റെ ഉഷ്ണരാശികളില്‍ വിയര്‍ത്തൊലിച്ച് നനഞ്ഞുകുതിര്‍ന്ന് മുഷിഞ്ഞ് നാറി അപകര്‍ഷ ബോധത്തിന്റെ കനം തൂങ്ങി ഭാണ്ഡങ്ങളില്‍ ചുമലുകള്‍ ഒടിഞ്ഞുതൂങ്ങി കൂട്ടില്ലാതെ കുഴങ്ങിനില്‍ക്കുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചത് അവരായിരുന്നു.

സിസ്റ്റര്‍….. ?, എന്തേ ആ പേരു ഞാന്‍ മറന്നേപോയി. ഇന്നും എന്നോടായി ഞാന്‍ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. അതില്‍ വീണുകിടന്ന് അമ്പരക്കുകയും അത്ഭുതപ്പെടുകും പാരവശ്യപ്പെടുകയും ചെയ്യുന്നു. ഒരു പക്ഷേ ഇഷ്ടമായവരെ ഒരു പേരില്‍ മാത്രമായി ഒതുക്കിഓര്‍ക്കാന്‍ മനസ്സിന് ആവില്ലായിരിക്കും. മരം വിരിച്ചിടുന്ന തണലിലേക്ക് അവശനായ പഥികന്‍ വന്നണയുന്നതുപോലെ ഞാന്‍ എന്റെ സിസ്റ്റര്‍ വിരിച്ചിട്ട തണലിലേക്കാവും ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവുക. എന്തുതന്നെയായാലും ആ പേരു ഞാന്‍ മറക്കരുതായിരുന്നു എന്ന്്് ഓര്‍ക്കുമ്പോഴൊക്കെ അവര്‍ തെളിഞ്ഞുതെളിഞ്ഞുവരുന്നു, ഗ്രഹണത്തിനുശേഷമുള്ള പൗര്‍ണമിപോലെ….

ഓര്‍മ്മകളില്‍ പുളിമരചോടും വാകമരതണലും ബദാംമരക്കാടുകളുമൊന്നുമല്ല പൂത്തുലയുക. അച്ഛന്റെ പോലീസ് യൂണിഫോമിലെ അഴിച്ചുപണികളില്‍, അതിന്റെ ചലനങ്ങളില്‍ ‘എന്റെ സ്‌കൂള്‍’ മാറിക്കൊണ്ടേയിരുന്നു.

ഓരോ പുതിയ അധ്യായന വര്‍ഷത്തിലും ഓരോ പുതിയ സ്‌കൂള്‍. പുതിയ അന്തരീക്ഷത്തില്‍ ഞാന്‍ എന്നെതന്നെയൊന്ന്്് വേരാഴ്ത്തി ചുവടുറപ്പിച്ചുനില്‍ക്കുമ്പോഴേക്കും വീണ്ടുമൊരു പറിച്ചെടുക്കല്‍, പറിച്ചുനടല്‍.
ഒക്കെയും പറയാന്‍, പാറിത്തിമിര്‍ക്കാന്‍ വിശേഷിച്ച് കൂട്ടുകാരില്ലാതെ ഇതള്‍ കൂമ്പിനിന്ന എന്റെ കുട്ടിക്കാലം
.
ഇതളുകള്‍ ഒന്നൊന്നായി വിടര്‍ത്താന്‍, വിടര്‍ന്ന്  വിലസാന്‍ എനിക്ക് ഊര്‍ജ്ജം തന്നത്് എന്റെ സിസ്റ്ററാണ്. ആ കോണ്‍വെന്റില്‍ എന്നെ മലയാളം പഠിപ്പിച്ച സിസ്റ്റര്‍ടീച്ചര്‍.

മലയാളത്തിന്റെ മധുരം രുചിച്ചറിയുന്നതും അവരിലൂടെതന്നെ. ശ്ലഥകാകളിയും നതോന്നതയും ഗണംതിരിക്കലും അറുബോറായിട്ടും ഉത്സവപ്പറമ്പിലേയ്ക്കണയുന്ന ഉത്സാഹത്തിമിര്‍പ്പില്‍ ആ ക്ലാസ്സുകളിലേക്കോടിയെത്തിയത് എന്തുകൊണ്ടാവും എന്റെ മനസ്സില്‍ ഉത്സവം തീര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. മനസ്സില്‍ ഒരിക്കലും വാടാതെ അവരിന്നും തളിര്‍പ്പച്ചയായി വിസ്മയം വിതറുന്നു.

ആ ഉത്സവത്തിന്റെ ഉന്‍മാദങ്ങള്‍ നുണഞ്ഞിറക്കിയാണ് ഇന്ന് ഞാനെന്റെ ക്ലാസ്സ്മുറികളില്‍ ആവര്‍ത്തന ദിനങ്ങളുടെ വിരസതയുടെ വിഴുപ്പില്‍ അഴുകാതെ ഉണര്‍ന്ന് നില്‍കുന്നത്. നിറഞ്ഞുതുളുമ്പണമെന്ന സ്വപ്‌നത്തിന്റെ ചിറകു നീര്‍ത്തുന്നത്.