Section

malabari-logo-mobile

കോവിഡ് രോഗികള്‍ക്ക് വീഡിയോ കോളിലൂടെ ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : covid patients 'video call' scheme to be extended to more hospitals: Minister Veena George

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദിവസവും 30 ഓളം കോളുകളാണ് എത്തുന്നത്. ആശുപത്രിയിലെ രോഗികള്‍ക്ക് തങ്ങളുടെ സുഖവിവരങ്ങള്‍ ബന്ധുക്കളെ നേരിട്ട് അറിയിക്കാന്‍ സാധിക്കുന്നു. ഇതിലൂടെ രോഗികളുടേയും ബന്ധുക്കളുടേയും ആശങ്ക പരിഹരിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യ വകുപ്പ് മന്ത്രിയാണ് പദ്ധതിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. 7994 77 1002, 7994 77 1008 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താല്‍ വൈകുന്നേരം 3 മുതല്‍ വീട്ടുകാരെ തിരികെ വിളിക്കുന്നതാണ്.

sameeksha-malabarinews

കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ വിളിക്കുന്നതിന് രണ്ട് നഴ്സുമാരെ വാര്‍ഡില്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ മൊബൈല്‍ ഫോണ്‍ വാര്‍ഡിലെ രോഗികളുടെ അടുത്തെത്തിക്കുകയും വിളിക്കാന്‍ സഹായിക്കുകയും ചെയ്യും. പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ അനുഗ്രഹമാണ്.

ഇതുകൂടാതെ മെഡിക്കല്‍ കോളേജില്‍ കോവിഡ് കണ്‍ട്രോള്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്ററിലെ 0471 2528130, 31, 32, 33 എന്നീ നമ്പരുകളില്‍ രാവിലെ 8 മുതല്‍ രാത്രി 8 മണിവരെ വിളിക്കുന്നവര്‍ക്ക് കോവിഡ് രോഗികളുടെ നിലവിലെ അവസ്ഥയെപ്പറ്റി അറിയാന്‍ സാധിക്കുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!