Section

malabari-logo-mobile

ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തും നാടന്‍ പച്ചക്കറികള്‍: ഹിറ്റായി തിരൂരങ്ങാടി ജീവനി കാര്‍ഷികവിപണി

HIGHLIGHTS : Homemade Vegetables With One Click: Jeevani agricultural market as a hit

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ജീവനി കാര്‍ഷികവിപണി വിജയകരമായി അഞ്ചാം വര്‍ഷത്തിലേക്ക്. തിരൂരങ്ങാടി കൃഷിഭവനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പും ആഴ്ചയിലൊരിക്കല്‍ നടക്കുന്ന നഗരവഴിയോര ചന്തയുമാണ്  ജീവനി കാര്‍ഷികവിപണിയിലുള്ളത്. ഒറ്റ ക്ലിക്കില്‍ ആവശ്യമായ കാര്‍ഷിക വിളകള്‍ വീട്ടിലെത്തിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ‘ഇക്കോ ഫ്രഷും’ ഇവിടെ ഫലപ്രദമായി മുന്നോട്ട് പോവുന്നുണ്ട്. ഇതിനു പുറമേ ‘ഫാര്‍മേഴ്സ് ഇക്കോഷോപ്പ് തിരൂരങ്ങാടി’ എന്ന പേരില്‍ തദ്ദേശീയമായും ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഈ ആപ്പുകളിലൂടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ആവശ്യമായ നാടന്‍ വിളകള്‍ ഓര്‍ഡര്‍ ചെയ്യുന്നവരാണ് ഉപഭോക്താക്കളില്‍ ഏറെയും.

നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികവിളകളുടെ സംഭരണവും വില്‍പനയുമാണ് ജീവനി കാര്‍ഷിക പദ്ധതിയിലൂടെ നടക്കുന്നത്. കര്‍ഷകര്‍ക്ക് ന്യായമായ വിലയും ഒപ്പം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ജൈവ പച്ചക്കറി മിതമായ നിരക്കില്‍ ലഭിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷി ഓഫീസര്‍ പി. എസ്. ആരുണി പറഞ്ഞു.

sameeksha-malabarinews

കൃഷിവകുപ്പിന്റെ താങ്ങുവില പ്രഖ്യാപിക്കപ്പെട്ട മലപ്പുറം ജില്ലയിലെ ഏക വിപണി കൂടിയാണിതെന്ന പ്രത്യേകതയും തിരൂരങ്ങാടിയ്ക്കുണ്ട്. രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പില്‍ തനി നാടന്‍ വിളകളായ കൂര്‍ക്ക, കാച്ചില്‍,മാങ്ങാ ഇഞ്ചി, മധുരകിഴങ്ങ്, കൂണ്‍, കൂവകിഴങ്ങ് തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

കര്‍ഷകര്‍ അവരുടെ വീടുകളിലും തോട്ടങ്ങളിലും ഉല്‍പാദിപ്പിക്കുന്ന പയര്‍, വെള്ളരി, മത്തങ്ങ, ചേന, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികളും ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതോടൊപ്പം ഫലവൃക്ഷ തൈകളും പച്ചക്കറി വിത്തുകളും തൈകളും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. കൃഷിയില്‍ താത്പര്യമുള്ള നാട്ടുകാരെ കൂട്ടിയോജിപ്പിച്ച് നഗരസഭ പരിധിയില്‍ തന്നെ ചെറിയ കൃഷിയിടവും ജീവനി കാര്‍ഷിക വിപണി ജീവനക്കാര്‍ ഒരുക്കിയിട്ടുണ്ട്. അവിടെ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും വില്‍പ്പനയ്ക്ക് കൊണ്ടുവരാറുണ്ട്.

കര്‍ഷകര്‍ വിപണിയിലേക്ക് കൊണ്ടുവരുന്ന കാര്‍ഷികവിളകളുടെ വിശദവിവരം രാവിലെ തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പങ്കു വെയ്ക്കുകയും ഓണ്‍ലൈനില്‍ ആവശ്യപ്പെടുന്നവര്‍ക്ക് വീടുകളില്‍ എത്തിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. ഫെബ്രുവരിയില്‍ മാത്രം 50ഓളം കര്‍ഷകരുടെ ഉല്‍പന്നങ്ങളാണ് വിപണിയില്‍ വിറ്റഴിച്ചത്. കാര്‍ഷിക വിപണി നടത്തിപ്പുകാരായ സനൂപും ശ്രീഷ്മയും മറ്റ് ജീവനക്കാരും തന്നെയാണ് വീടുകളിലെ ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ എത്തിച്ചുനല്‍കുന്നത്. ആഴ്ച്ചയില്‍ ഒരു ദിവസം നഗര പരിധിയിലെ ഏതെങ്കിലും സ്ഥലത്ത് വഴിയോര ചന്തയും നടത്തും. കര്‍ഷകര്‍ തനതായി ഉല്പാദിപ്പിക്കുന്ന വിളകള്‍ക്ക് പ്രിയമേറി വരികയാണെന്ന് ചന്തകളിലെയും ഇക്കോഷോപ്പിലെയും ആവശ്യക്കാരുടെ വര്‍ധനവ് സൂചിപ്പിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!