ഇന്ത്യയോട്‌ തോറ്റ പാക്‌ താരങ്ങള്‍ കലി തീര്‍ത്തത്‌ കോച്ചിനോട്‌

F00ACE2C-B9E7-487D-B18E-02C6AD3034E3_cx0_cy4_cw0_mw1024_s_n_r1അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ് പാകിസ്താന്‍ താരങ്ങള്‍ ഫീല്‍ഡിംഗ് കോച്ചിനോട് അപമര്യാദയായി പെരുമാറി എന്ന് പരാതി. ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് ഗ്രാന്റ് ലുഡനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. പാക് താരങ്ങള്‍ അസഭ്യവര്‍ഷം നടത്തി എന്നാണ് കോച്ചിന്റെ പരാതി.

ഷാഹിദ് അഫ്രീദി, അഹമ്മദ് ഷെഹ്‌സാദ്, ഉമര്‍ അക്മല്‍ എന്നിവരാണ് കോച്ചിനെ അസഭ്യം പറഞ്ഞത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് കളിക്കാര്‍ കോച്ചിനോട് അപമര്യാദയായി പെരുമാറിയത്. ഇത്തരത്തിലുള്ള പെരുമാറ്റം സഹിക്കാനാവില്ല എന്നും താന്‍ രാജിവെക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച കത്തില്‍ ലുഡന്‍ പറയുന്നു. പരിശീലനത്തില്‍ ഈ മൂന്ന് കളിക്കാരും സഹകരിക്കുന്നില്ല എന്നും തടസ്സങ്ങള്‍ ഉണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്.

കളിക്കാര്‍ ശരിയാംവണ്ണം പെരുമാറിയില്ലെങ്കില്‍ താന്‍ രാജിവെക്കും എന്നാണ് കോച്ച് പറയുന്നത്. പരാതി കിട്ടിയ ഉടന്‍ തന്നെ പി സി ബി ചെയര്‍മാര്‍ ഷഹരിയാര്‍ ഖാന്‍ ചീഫ് കോച്ച് വഖാര്‍ യൂനിസിനെയും ലുഡനെയും മാനേജരെയും വിളിച്ച് സംസാരിച്ചു. കഴിഞ്ഞ വര്‍ഷമാണ് പാക് ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫായി ലുഡനെ പി സി ബി നിയമിച്ചത്.

ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ തോറ്റതിനെത്തുടര്‍ന്ന് കറാച്ചിയില്‍ പാക് ടീമിന്റെ ആരാധകര്‍ ടി വി സെറ്റുകള്‍ തല്ലിപ്പൊളിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സയീദ് അജ്മലിനെ പോലുള്ള സീനിയര്‍ കളിക്കാര്‍ അംപയറുടെ പിഴവാണ് കളി തോല്‍ക്കാന്‍ കാരണമെന്ന് കുറ്റം പറഞ്ഞിരുന്നു. പാകിസ്താനെ തോല്‍പിച്ച ഇന്ത്യയ്ക്ക് ഞായറാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് അടുത്ത കളി.