ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ കമ്മീഷന്‍ അംഗം രാജിവെച്ചു

selfieജയ്‌പൂര്‍:ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പം സെല്‍ഫിയെടുത്തതിനെ തുടര്‍ന്ന്‌ വിവാദത്തിലായ രാജസ്ഥാനിലെ വനിത കമ്മീഷന്‍ അംഗം രാജിവെച്ചു. കമ്മീഷന്‍ അംഗമായ സോമ്യ ഗുര്‍ജാര്‍ ആണ്‌ രാജിവെച്ചത്‌. ബലാത്സംഗത്തിനിരയായ യുവതി ജയ്‌പൂര്‍ നോര്‍ത്തിലെ മഹിളാ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ്‌ വനിതാ കമ്മീഷന്‍ അംഗം സെല്‍ഫിയെടുത്ത്‌ പുലിവാലുപിടിച്ചത്‌.

സെല്‍ഫിയെടുത്തപ്പോള്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യ്‌തിരുന്നു. എന്നാല്‍ താന്‍ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തതല്ലെന്നും ബലാത്സംഗത്തിനിരയായ യുവതിയോട്‌ സംസാരിക്കവെ വനിതാ കമ്മീഷന്‍ അംഗം ഫോട്ടോ എടുക്കുകയായിരുന്നെന്നാണ്‌ ചെയര്‍പേഴ്‌സണ്‍ന്റെ വാദം. ഇത്തരം സംഭവങ്ങളോട്‌ താന്‍ ഒരിക്കലും യോജിക്കില്ലെന്നും സോമ്യ ഗുര്‍ജാറിനോട്‌ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇതിനു ശേഷമാണ്‌ സോമ്യ രാജി വെച്ചത്‌.

ഈ സെല്‍ഫി നവമാധ്യമങ്ങളിലൂടെ വൈറലായതോടെ അംഗങ്ങളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫോട്ടോയില്‍ സോമ്യ സെല്‍ഫി എടുക്കുന്നതും അതില്‍ ചെയര്‍പേഴ്‌സണായ സുമന്‍ ശര്‍മ പോസ്‌ ചെയ്യുന്നതും വ്യക്തമാണ്‌.

സ്‌ത്രീധനം നല്‍കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അല്‍വാര്‍ ജില്ലയിലാണ്‌ യുവതിയെ ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തത്‌.