‘വോട്ടവകാശം പൗരാവകാശം’ തെരുവുനാടക സംഘം പര്യടനം തുടങ്ങി

മലപ്പുറം: ‘വോട്ടവകാശം പൗരാവകാശം’ എന്ന സന്ദേശവുമായി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തിയും ജനങ്ങളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചും സ്വീപ്പ് തെരുവുനാടക സംഘം പര്യടനം തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയായ സിസ്റ്റമാറ്റിക് വോട്ടര്‍ എജൂക്കേഷന്‍ ആന്‍ഡ് ഇലക്റ്ററല്‍ പാര്‍ട്ടിസിപേഷന്‍ പ്രോഗ്രാം (സ്വിപ്പ്) പ്രകാരമാണ് തെരുവു നാടകവും മറ്റ് വോട്ടര്‍ ബോധവത്ക്കരണ പരിപാടികളും നടത്തുന്നത്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്റ്റര്‍ കെ.ബിജു ഉത്ഘാടനം ചെയ്തു.
നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബ് അംഗങ്ങളായ ആറ് കോളെജ് വിദ്യാര്‍ഥികളാണ് വര്‍ഗീസ് മംഗലത്തിന്റെ നേതൃത്വത്തില്‍ മണ്ഡലങ്ങള്‍ തോറും പര്യടനം നടത്തി തെരുവു നാടകം അവതരിപ്പിക്കുന്നത്. വോട്ട് ചെയ്യേണ്ടതെങ്ങനെയെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ടും എട്ട് മിനിറ്റാണ് ഓരോ പ്രദേശത്തും സംഘം ചെലവഴിക്കുന്നത്.
മലപ്പുറം മണ്ഡലത്തിലെ വലിയങ്ങാടിയില്‍ നിന്ന് തുടങ്ങി കിഴക്കേതല, ഹാജിയാര്‍ പള്ളി, പാണക്കാട്, ഒതുക്കുങ്ങല്‍ അങ്ങാടി, ജങ്ഷന്‍, കാവതിക്കുളം ജങ്ഷന്‍, കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡ്, കോഡൂര്‍, വടക്കെമണ്ണ, ആനക്കയം, കൊണ്ടോട്ടി, വള്ളുവമ്പ്രം, യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ് പരിസരം, കൊളപ്പുറം, കക്കാട്, വൈലത്തൂര്‍ എന്നിവിടങ്ങളില്‍ സംഘം പര്യടനം പൂര്‍ത്തിയാക്കി.
ഏപ്രില്‍ എട്ടിന് ഉച്ചവരെ മറ്റിടങ്ങളില്‍ പര്യടനം നടത്തുമെന്ന് നോഡല്‍ ഓഫീസര്‍ പി. മുരളീധരന്‍ അറിയിച്ചു. യുവ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനായി നേരത്തെ ക്വിസ് മത്സരം, ചിത്രരചനാ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.