വടകരയില്‍ കെ എസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു;മൂന്ന് പേരുടെ നില ഗുരുതരം

വടകര: വടകരയില്‍ ഞായറാഴ്ച പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. വടകര കൈനാട്ടിയില്‍ വെച്ചാണ് കോട്ടയത്തു നിന്നു കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടി സൂപ്പര്‍ എക്‌സ്പ്രസ് ബസ് നിര്‍ത്തിയിട്ട ലോറിയിലിടിച്ച് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ ബസിന്റെ ഒരുവശം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡ്സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് ബസ് ഇടിച്ചത്. ബസിന്റെ ഇടതുവശത്ത് ഇരുന്നവരാണ് പരിക്കേറ്റവരില്‍ കൂടുതലും.

ലോറി ഡ്രൈവര്‍ അപകടത്തില്‍ നിന്ന് നേരിയ വ്യത്യാസത്തില്‍ അദ്ഭുതകരമായി രക്ഷപെട്ടു.