Section

malabari-logo-mobile

ഇരുചക്ര വാഹനാപകടങ്ങള്‍ പെരുകുന്നു ;യാത്രക്കാര്‍ക്ക്‌ സുരക്ഷാ ബോധവത്‌കരണം

HIGHLIGHTS : സംസ്ഥാനത്ത്‌ വാഹനാപകടങ്ങള്‍ കുറയ്‌ക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്‌ വ്യാ...

2014-hereo-karizma-zmr-motorcycle-pic-image-photo-review-road-test-24082014-m5_560x420_560x420 copyസംസ്ഥാനത്ത്‌ വാഹനാപകടങ്ങള്‍ കുറയ്‌ക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്‌ വ്യാപകമായ ബോധവത്‌കരണം നടത്താന്‍ സംസ്ഥാന പോലീസ്‌ മേധാവി ടി.പി.സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. 2014-ാം മാണ്ടില്‍ കേരളത്തിലുണ്ടായ 36282 വാഹന അപകട കേസുകളില്‍ 13167 വാഹന അപകടങ്ങളില്‍പ്പെട്ടത്‌ ഇരുചക്രവാഹനങ്ങളാണ്‌. ഈ വാഹന അപകടങ്ങളില്‍പ്പെട്ട്‌ 1343 പേര്‍ മരിക്കുകയും 13713 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. മരിച്ചവരില്‍ നല്ലൊരു ശതമാനവും ഹെല്‍മറ്റ്‌ ഇല്ലാതെ വാഹനം ഓടിച്ചവരാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഇതുസംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ്‌ മേധാവി നല്‍കിയത്‌.
ഇരുചക്രവാഹനങ്ങള്‍ ഒട്ടും സ്ഥിരതയില്ലാത്ത അല്‌പം മാത്രം റോഡ്‌ ബന്ധമുള്ള എപ്പോഴും മറിഞ്ഞുവീഴാവുന്ന വാഹനമാണ്‌. വാഹനത്തിന്റെ വേഗപരിധി പാലിക്കണം. ഇരുചക്രവാഹനങ്ങള്‍ക്ക്‌ പോകാവുന്ന പരമാവധി വേഗത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ 30 കി.മീ, മലമ്പാതയില്‍ 45 കി.മീ, കോര്‍പ്പറേഷന്‍/മുനിസിപ്പല്‍ ഏരിയകളില്‍ 50 കി.മീ, N.H-ല്‍ 60 കി.മീ, S.H-ല്‍ 50 കി.മീ, നാലുവരിപാതയില്‍ 70 കി.മീ, മറ്റു സ്ഥലങ്ങളില്‍ 50 കി.മീ ആണ്‌. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വാഹനത്തില്‍ നിന്നു വീഴുമ്പോഴുണ്ടാകുന്നത്ര ആഘാതം ഏകദേശം മൂന്നുനില കെട്ടിടത്തില്‍ നിന്ന്‌ വീഴുന്നതിന്‌ തുല്യമാണ്‌. വീഴുമ്പോള്‍ ആദ്യം തറയിലടിക്കുന്നത്‌ തലയാണ്‌. ആയതിനാല്‍ MV Act 129-ാം വകുപ്പില്‍ പറയുന്ന വിധത്തില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ്‌ ചിന്‍സ്‌ട്രാപ്പിട്ട്‌ ധരിക്കുക വഴി തലയ്‌ക്കുള്ള ആഘാതം ഗണ്യമായി കുറയ്‌ക്കാം. ഹെല്‍മെറ്റിനുള്ളിലെ EPS ഫോം ആഘാതം തലയില്‍ എത്തുന്നത്‌ കുറയ്‌ക്കുമെന്നതിനാല്‍ ഗുണനിലവാരമുള്ള (ISI Mark) ഹെല്‍മെറ്റ്‌ മാത്രം ധരിക്കണം. റോഡിന്റെ ഇടതുവശം ചേര്‍ന്ന്‌ വാഹനം ഓടിക്കണം. ഇടതുവശത്തുകൂടി ഓവര്‍ടേക്ക്‌ ചെയ്യുന്നതുവഴി ധാരാളം പേര്‍ ഇന്ന്‌ അപകടത്തില്‍പ്പെടുന്നുണ്ട്‌. അതിനാല്‍ മറ്റു വാഹനങ്ങളെ അവയുടെ വലതു വശത്തുകൂടി മാത്രം മറികടക്കണം. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്‌ത്‌ വണ്ടി ഓടിക്കരുത്‌. മറ്റ്‌ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കുന്ന മുന്നറിയിപ്പ്‌ അനുസരിച്ച്‌ പ്രതികരിക്കാന്‍ സമയം നല്‍കണം. പെട്ടെന്നുള്ള വലതുവശം തിരിയല്‍ (Right Turn), �U� ആകൃതിയില്‍ തിരിയല്‍ (U – turn) എന്നിവ വളരെയധികം അപകട സാദ്ധ്യതയുണ്ടാക്കുന്നതാണ്‌. വാഹനത്തിന്റെ പുറകില്‍ ഇരിക്കുന്ന വ്യക്തിയുമായി കൈകാലുകള്‍ നിവര്‍ത്തിയുള്ള സംസാരത്തില്‍ ഏര്‍പ്പെടരുത്‌. യാതൊരു കാരണവശാലും പിന്നിലെ യാത്രികന്‍ കൈകൊണ്ട്‌ സിഗ്നല്‍ കാണിക്കാന്‍ പാടുള്ളതല്ല. വളവുകളിലും കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ പാടില്ലാതിരിക്കുമ്പോഴും മറ്റ്‌ വാഹനങ്ങളെ മറികടക്കരുത്‌. മെയിന്‍ റോഡിലേക്ക്‌ കയറുമ്പോള്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും പിന്നീട്‌ വലത്തോട്ടും നോക്കി മെയിന്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുത്തുകൊണ്ട്‌ മാത്രം പ്രവേശിക്കണം. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം. ബ്രേക്ക്‌ ചെയ്‌താല്‍ നിര്‍ത്താവുന്ന ദൂരം സ്‌പീഡ്‌ കൂടുമ്പോല്‍ കൂടും. ചാറ്റല്‍ മഴയോ, ഓയിലോ, ചെളിയോ ഉള്ളപ്പോള്‍ ഈ ദൂരം സാധാരണ വേണ്ടി വരുന്ന ദൂരത്തിന്റെ ഇരട്ടിയില്‍ കൂടുതല്‍ വരും. മദ്യത്തിന്റെയോ, മയക്കുമരുന്നിന്റെയോ ലഹരിയിലായിരിക്കുമ്പോഴും, കൂടുതല്‍ തളര്‍ച്ച ഉള്ളപ്പോഴും, ഉറക്കം വരുമ്പോഴും വാഹനം ഓടിക്കരുത്‌. ഒരു കാരണവശാലും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ വാഹനം ഓടിക്കരുത്‌. റോഡില്‍ ഗട്ടറുകളുണ്ടെങ്കില്‍ അവയുടെ ഇടതുവശത്തുകൂടി മാത്രം സഞ്ചരിക്കണം. മത്സര ഓട്ടം ഒഴിവാക്കണം – ഇവയാണ്‌ പ്രധാന നിര്‍ദ്ദേശങ്ങള്‍.
ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നതുള്‍പ്പെടെ ഇരുചക്രവാഹനമോടിക്കുന്നവരുടെ നിയമലംഘനം തടയാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനും സംസ്ഥാന പോലീസ്‌ മേധാവി നിര്‍ദ്ദേശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!