തിരൂരില്‍ ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരൂര്‍ : മാതാപിതാക്കളോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് വീട്ടില്‍ മൂസ (42) നെയാണ് തിരൂര്‍ എസ്‌ഐ രവി സന്തോഷ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. ഷൊര്‍ണ്ണൂര്‍ -കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ പട്ടാമ്പിയില്‍ നിന്നും ഒഴൂരിലേക്ക് വരികയായിരുന്ന 21 കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ കുറവായിരുന്നു. ഈ സമയത്താണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് സഹയാത്രികരുടെ സഹായത്തോടെ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ക്ക് പരാതി നല്‍കി. മാനേജര്‍ തിരൂര്‍ എസ്‌ഐയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.