സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാക്കള്‍ പിടിയില്‍

theftതേഞ്ഞിപ്പലം: വീട്‌ കുത്തിതുറന്നുള്ള മോഷണത്തിനിടെ സി സി ടി വിയില്‍ പതിഞ്ഞ മോഷ്ടാക്കള്‍ പിടിയിലായി. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്‌ പിടിയിലായ യുവാക്കള്‍. ചേലേമ്പ്ര മാടനില്‍ വീട്ടില്‍ അബ്ദുള്‍ നാസര്‍(46), പെരുവള്ളൂര്‍ നടുക്കര മുല്ലപ്പടി വളളിക്കുത്തന്‍ മുഹമ്മദ്‌ ഷാഫി(32) എന്നിവരാണ്‌ തേഞ്ഞിപ്പലം എസ്‌ഐ പി എം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്‌തത്‌.

പള്ളിക്കല്‍ ബസാര്‍ അത്താണിക്കല്‍ ഹൗസിലെ ഷെബീറിന്റെ വീട്ടില്‍ അടുക്കളവാതിലിന്റെ പൂട്ട്‌ തകര്‍ത്ത്‌ മോഷണ ശ്രമം നടത്തിയ കേസിലെ പ്രതിയാണ്‌ നാസര്‍. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. വീട്ടുകാരറിഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സംഭവം സിസിടിവിയില്‍ പതിഞ്ഞിരുന്നു. രണ്ട്‌ പ്രതികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നാസര്‍ രാമനാട്ടുകരയിലുണ്ടെന്ന്‌ വിവരത്തെ തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു.

തിരൂര്‍ സ്വദേശി ഹരീന്ദ്രന്റെ ബൈക്ക്‌ മോഷ്ടിച്ച കേസുള്‍പ്പെടെ ആറോളം കേസുകളില്‍ പ്രതിയാണ്‌. ബൈക്ക്‌ കണ്ടെടുത്തു. കസബ,വെള്ളയില്‍, ഫറോക്ക്‌ സ്‌റ്റേഷനുകളില്‍ നാസറിനെതിരെ കേസുകളുണ്ട്‌. മറ്റ്‌ പ്രതികളും പോലീസിന്റെ വലയിലായിട്ടുണ്ട്‌.

പെരുവള്ളൂര്‍ സ്വദേശി നടുകര ഇല്ലത്തുപറമ്പില്‍ തുപ്പിലക്കാട്ട്‌ ഫാത്തിമയുടെ അഞ്ച്‌ സ്വര്‍ണചിറ്റടക്കം മോഷണം നടത്തിയ കേസിലെ പ്രതിയാണ്‌ ഷാഫി. വായില്‍ തുണിതിരുകി 2013 ജൂണ്‍ 22 ന്‌ പുലര്‍ച്ചെയായിരുന്നു മോഷണം. കേസില്‍ രണ്ടു പേര്‍കൂടി പിടിയിലാകാനുണ്ട്‌. ഇരുവരെയും പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.