മൂച്ചിക്കല്‍-മഞ്ഞളാംപടി റോഡ്‌, ബദര്‍പള്ളി തൂക്കുപാലം പ്രവൃത്തികളുടെ ഉദ്‌ഘാടനം ഞായറാഴ്‌ച മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും.

താനൂര്‍: പതിറ്റാണ്ടുകളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ ശോച്യാവസ്ഥയിലായ മൂച്ചിക്കല്‍-മഞ്ഞളാംപടി റോഡിന്റെ പ്രവൃത്തി ഉദ്‌ഘാടനം ഞായറാഴ്‌ച നടക്കും. ഉച്ചയ്‌ക്ക്‌ 12.30ന്‌ പത്തമ്പാടിലാണ്‌ പൊതുമരാമത്ത്‌ രജിസ്‌ട്രേഷന്‍ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നത്‌. റോഡിന്റെ പാര്‍ശ്വ സംരക്ഷണം, കലുങ്കുകള്‍, ആവശ്യമുള്ള സ്ഥലങ്ങളില്‍ വീതി കൂട്ടല്‍, ഉയരം കൂട്ടി റബ്ബറൈസ്‌ഡ്‌ പ്രവൃത്തികള്‍ക്കായി ഒരു കോടി 85 ലക്ഷം രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. തകര്‍ച്ചയുടെ വക്കിലെത്തിയ മൂച്ചിക്കല്‍ -മഞ്ഞളാംപടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. താനൂര്‍ എം.എല്‍.എ വി. അബ്‌ദുറഹിമാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‌ സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രവൃത്തി. ഇതോടെ നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയായ ഇവിടെ ഗതാഗത ആവശ്യങ്ങള്‍ കൂടുതല്‍ സുഗമമാകും.

കനോലി കനാലിന്‌ കുറുകെ ബദര്‍പള്ളി-കളരിപ്പടി റോഡ്‌ തൂക്കുപാലത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനവും ഉച്ചയ്‌ക്ക്‌ 12ന്‌ കളരിപ്പടി റോഡില്‍ പൊതുമരാമത്ത്‌ രജിസ്‌ട്രേഷന്‍ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും. വി. അബ്‌ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്‌തി വികസന പദ്ധതിയില്‍ നിന്നും ഒരു കോടി പതിനഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ചാണ്‌ പാലം പണിയുന്നത്‌. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ കെല്‍ ആണ്‌ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്‌. തൂക്കുപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി ഇരു കരകളിലുമുള്ള പ്രദേശവാസികളുടെ യാത്രാ ദുരിതങ്ങള്‍ക്ക്‌ അറുതിയാകും.