സവാദിന്റെ കൊല; ശ്രമം രണ്ടാം തവണ: മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യാന്‍ തീരുമാനിച്ചു

താനൂര്‍: താനൂരില്‍ പൗറകത്ത് സവാദ് കൊലചെയ്യപ്പെട്ടത് ഭാര്യ സൗജത്തിന്റെയും കാമുകന്‍ ബഷീറിന്റെയും ഒരു വര്‍ഷത്തെ ആസൂത്രണത്തിനൊടുവില്‍. മൃതദേഹം കഷ്ണങ്ങളായി നുറുക്കി മറവുചെയ്യാനുള്ള നീക്കം പരാജയപ്പെട്ടത് അന്നേ ദിവസം സവാദിന്റെ കൂടെ മകളും കിടന്നുറങ്ങിയതിനാലെന്ന് മുഖ്യപ്രതി ബഷീറിന്റെ മൊഴി. ഇന്ന് രാവിലെ് താനൂര്‍ സിഐയക്ക് മുന്നില്‍ കീഴടങ്ങിയ കൊളത്തൂര്‍ ബഷീര്‍ നല്‍കിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

ഷാര്‍ജയില്‍ ഫയര്‍ സ്റ്റേഷനില്‍ പാചക തൊഴിലാളിയായ ബഷീര്‍ രണ്ട് ദിവസത്തെ അവധിയെടുത്താണ് കൊല നടത്താന്‍ നാട്ടിലെത്തിയത്. സവാദിനെ കൊലപ്പെടുത്തിയ ശേഷം ഷാര്‍ജയിലേക്ക് മടങ്ങുക എന്ന പ്ലാന്‍ നടപ്പിലാക്കുകയായിരുന്നു. സവാദിനെ കൊല്ലാന്‍ സൗജത്ത് തന്നെ മരവടി തയ്യാറാക്കി വെച്ചിരുന്നു. എന്നാല്‍ വരുന്ന വഴിയില്‍ നിന്നും ലഭിച്ച മരവടികൊണ്ട് സവാദിന്റെ തല അടിച്ച് തകര്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയോട് പൂര്‍ണമായും പൊട്ടിത്തകര്‍ന്നു. സവാദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കാമെന്ന് സൗജത്ത് ഏറ്റിരുന്നു. തുടര്‍ന്ന് സവാദിനെ കാണാനില്ലെന്ന് പരാതി നല്‍കാനായിരുന്നു ഇവരുടെ പ്ലാന്‍. എന്നാല്‍ സവാദിന്റെ കൂടെ മകള്‍ കിടന്നത് ആസൂത്രണത്തെ തകര്‍ത്തു. മരക്കൊമ്പ്‌കൊണ്ട് തലക്കടിച്ച് ഒരാള്‍ സ്ഥലം വിട്ട് പോകുന്നത് മകള്‍ കാണുകയായിരുന്നു. എന്നിട്ടും മകളെ മുറിക്കകത്താക്കി സൗജത്ത് സവാദിന്റെ മരണം ഉറപ്പാക്കാന്‍ കഴുത്ത് മുറിക്കുകയായിരുന്നു.

കൊലപാതകം കഴിഞ്ഞ് നാലാം തിയ്യതി രാത്രി മംഗളൂരു വിമാനത്താവളം വഴിയാണ് ബഷീര്‍ വിദേശത്തേക്ക് കടന്നത്.

ബഷീറിന്റെ നിര്‍ദേശ പ്രകാരം മൂന്ന് മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി സവാദിനെ കൊല്ലാനും ശ്രമം നടത്തിയിരുന്നു. അത് പരാജയപ്പെട്ട ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

പ്ലാന്‍ പരാജയപ്പെടുകയും സൗജത്ത് പിടിയിലാവുകയുമായിരുന്നു. ഇതോടെ ഷാര്‍ജയില്‍ തിരിച്ചെത്തിയ ബഷീറിന് മുറിക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയായി. തുടര്‍ന്ന് നാട്ടിലെ ബന്ധുക്കളെ വിളിച്ചപ്പോഴും പോലീസില്‍ കീഴടങ്ങാനുള്ള നിര്‍ദേശമാണ് ലഭിച്ചത്. ഇതെതുടര്‍ന്ന് വിദേശത്തു നിന്ന് നാട്ടിലെത്തിയ ബഷീര്‍ താനൂര്‍ പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

സവാദിന്റെ സുഹൃത്തായിട്ടാണ് ബഷീര്‍ ഇവരുടെ വീടുമായി ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ബഷീറും സൗജത്തും പ്രണയത്തിലാവുകയായിരുന്നു. ബഷീറിന് സൗജത്തുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും സൗജത്തിനെ മൊഴിചെല്ലാന്‍ സവാദിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതിനിടെ ബഷീറും സൗജത്തും മക്കളുമായി ഒളിച്ചോടി തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ താമസിച്ചിരുന്നു. ബന്ധുക്കള്‍ ചേര്‍ന്ന് ഇവരെ നാട്ടിലെത്തിക്കുകയും സവാദ് സൗജത്തിനെ വീണ്ടും സ്വീകരിക്കുകയുമായിരുന്നു. അതെസമയം ബഷീറിന്റെ ഭാര്യക്ക് സൗജത്തുമായുള്ള ബന്ധം അറിയാമെന്ന് പോലീസ് പറഞ്ഞു.

പിടിലായ മറ്റൊരു പ്രതി സൂഫിയാന് സവാദിനെ കൊല്ലാനാണ് ബഷീര്‍ വരുന്നതെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നത്.ബഷീറിനെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.