താനൂര്‍ അക്രമം: സമാധാന യോഗം ചേര്‍ന്നു

താനൂര്‍: താനൂരില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശാശ്വത പരിഹാരം ഉറപ്പുവരുത്തുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പോലീസ് മേധാവി ദേബേശ് കുമാര്‍ ബെഹ്‌റ, ആര്‍.ഡി.ഒ. ടി.വി സുഭാഷ്, ഉന്നത പോലീസ്, റവന്യു അധികൃതര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അക്രമസംഭവങ്ങളില്‍ ഉള്‍പ്പെടുന്ന ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ പിന്തുണയും അഭയവും നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. അക്രമസംഭവങ്ങള്‍ക്ക് ആര് രംഗത്ത് വന്നാലും അവരെ ഒറ്റപ്പെടുത്താനും സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി ഉന്നതതല കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ആര്‍.ഡി.ഒയയുടെ നേതൃത്വത്തിലുള്ള താലൂക്ക് കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ചചെയ്യും. തുടര്‍ന്നും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എം.എല്‍.എ, കലക്ടര്‍, എസ്.പി എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റി പ്രശ്‌നം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായി.

അക്രമ സംഭവങ്ങള്‍ മൂലം താനൂരിലെ സമാധാനാന്തരീക്ഷത്തിന് കോട്ടം തട്ടിയിരുന്നു. നിരപരാധികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സമ്പൂര്‍ണമായ സമാധാനവും താനൂരിന്റെ വികസനവും അനിവാര്യമാണെന്ന തീരുമാനത്തിലാണ് യോഗം എത്തിചേര്‍ന്നത്. സി.പി.ഐ.എം ഏരിയാ സെക്രട്ടറി ഇ. ജയന്‍, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുത്തുകോയ തങ്ങള്‍, സെക്രട്ടറി എം.പി. അഷ്‌റഫ്, ജനപ്രതിനിധികളായ വി. അബ്ദുല്‍റസാഖ്, സി. മുഹമ്മദ് അഷ്‌റഫ്, പി.ടി. ഇല്ല്യാസ്, കെ. സലാം, കെ.ടി. ശശി, കെ.പി.സി അക്ബര്‍, പി.പി. സൈതലവി എന്നിവര്‍ പങ്കെടുത്തു.