മത്സ്യോത്സവം: രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു 

താനൂര്‍: ഈ മാസം 7,8,9 തിയ്യതികളിലായി താനൂരില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് നടത്തുന്ന മത്സ്യോത്സവത്തിന്റെ ഭാഗമായി തീരദേശ വിദ്യാര്‍ത്ഥികള്‍ക്കായി രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കഥ, കവിത, ഉപന്യാസം എന്നിവയിലാണ് മത്സരങ്ങള്‍ നടന്നത്. താനൂര്‍ ബി.ആര്‍.സിയില്‍ നടന്ന മത്സരത്തില്‍  ജില്ലയിലെ തീരദേശ വിദ്യാലയങ്ങളില്‍ നിന്ന് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കായിക മത്സരങ്ങള്‍ ഇന്ന് ഉണ്യാല്‍ ഫിഷറീസ് ഗ്രൗണ്ടില്‍ രാവിലെ 10 മണിക്ക് ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കായി സെവന്‍സ് ഫുട്‌ബോളും, ബീച്ച് വോളിബോളും മത്സരയിനത്തിലുണ്ട്. പറവണ്ണ ബീച്ചിലാണ് വോളിബോള്‍ മത്സരം നടക്കുക. ക്ലബുകള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും പങ്കെടുക്കാവുന്ന പെനാള്‍ട്ടി ഷൂട്ടൗട്ട് മത്സരവും കമ്പവലിയും ഇന്ന് ഉണ്യാല്‍ ഗ്രൗണ്ടില്‍ നടക്കും.