വൃത്തിശൂന്യമായ ഇടങ്ങള്‍, സാമൂഹ്യവിരുദ്ധരുടെ വിളയാട്ട കേന്ദ്രം ഇത്‌ തിരൂരങ്ങാടി സിവില്‍ സ്റ്റേഷന്‍

tirurangadi civil stationതിരൂരങ്ങാടി :സ്വച്ഛ്‌ ഭാരത്‌ അഭിയാന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും പരസിരശുചീകരണം ഒരു പൗരന്റെ കടമയായി ഉള്‍ക്കൊണ്ട്‌ ഒരു മഹത്തായ മുദ്രാവാക്യവുമായി മുന്നേറുമ്പോള്‍ ഇതൊന്നും തങ്ങള്‍ക്ക്‌ ബാധകമല്ലെന്ന മട്ടിലാണ്‌ തിരൂരങ്ങാടി സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍.

ആറ്‌ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഈ സിവല്‍ സ്റ്റേഷനിലെ മൂത്രപ്പുരകളും കക്കുസുകളും വൃത്തിശൂന്യമായി ഉപയോഗയോഗ്യമല്ലാതായിട്ട്‌ നാളുകളേറെയായി. സിവില്‍ സ്റ്റേഷനകത്തുള്ള കക്കുസുകളും മൂത്രപ്പുരകളും വൃത്തിയാക്കിയിട്ട്‌ മാസങ്ങളായി.

കൂടാതെ രാത്രിയായാല്‍ ഇവിടം സാമുഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്‌. ഇവിടുത്തെ കക്കുസിനകത്ത്‌ മദ്യക്കുപ്പികളും നിരോധിക്കപ്പെട്ട ഹാന്‍സ്‌ പാന്‍പരാഗ്‌ തുടങ്ങിയവയുടെ കവറുകളും ഉപയോഗിച്ച്‌ വലിച്ചെറിഞ്ഞ നിലയില്‍ കാണാം.

ഈ സിവില്‍ സ്‌റ്റേഷന്‍ ഉദ്‌ഘാടനം കഴിഞ്ഞിട്ട്‌ നാല്‌ വര്‍ഷം പോലൂമായിട്ടില്ലെന്നതാണ്‌ ഏറെ ഖേദകരം. ഇവിടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വീപ്പര്‍മാര്‍ ഉണ്ടെങ്ങിലും തങ്ങളുടെ ഓഫീസ്‌ മാത്രം വൃത്തിയാക്കുന്ന ചുമതലയെ ഒള്ളു എന്നതാണ്‌ അവരുടെ നിലപാട്‌. സര്‍ക്കാര്‍ ഓഫീസുകളും പരിസരവും വൃത്തിയാക്കി ഈ ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി സര്‍ക്കുലറുകളുടെ പെരുമഴ പെയ്യിക്കുമ്പോഴും ഇതൊന്നും തങ്ങള്‍ക്ക്‌ ബാധകമല്ലെന്ന അഭിപ്രായത്തിലാണ്‌ ഒരു വിഭാഗം.
രാത്രകാലങ്ങളില്‍ ഈ ഭാഗത്ത്‌ പോലീസ്‌ പെട്രോളിങ്ങ്‌ നടക്കാത്തതും സാമൂഹ്യവിരുദ്ധര്‍ക്ക്‌ അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നു. നേരത്തെ മലപ്പുറം കളകട്രേറ്റില്‍ ചില ബ്ലോക്കുകള്‍ക്ക്‌ പിറകവശത്ത്‌ മാലിന്യകൂമ്പാരം കിടക്കുന്നത്‌ വാര്‍ത്തയായപ്പോള്‍ കളക്‌ടര്‍ നേരിട്ടെത്തി ശുചീകരണത്തിന്‌ നേതൃത്വം നല്‍കിയിരുന്നു.