സുനന്ദാപുഷ്‌കറിന്റെ മരണം; പോലീസ്‌ അനേ്വഷണം അവസാനിപ്പിക്കുന്നു

Untitled-1 copyദില്ലി: സുനന്ദാപുഷ്‌കറിന്റെ മരണത്തെ കുറിച്ചുള്ള പ്രാഥമിക അനേ്വഷണം ദില്ലി പോലീസ്‌ അവസാനിപ്പിക്കുന്നു. പോലീസിന്റെ അന്തിമ അനേ്വഷണ റിപ്പോര്‍ട്ട്‌ നാളെ ആഭ്യന്തര മന്ത്രാലയത്തിന്‌ കൈമാറും. കേസ്‌ സി ബി ഐക്ക്‌ വിടുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതായിരിക്കും.

സുനന്ദാ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ചോ, എതൊക്കെ സാഹചര്യങ്ങളാണ്‌ മരണത്തിന്‌ പിന്നിലുള്ളത്‌ എന്നത്‌ സംബന്ധിച്ചോ യാതൊരു വ്യക്തതയും ദില്ലി പോലീസിന്റെ റിപ്പോര്‍ട്ടിലില്ല. ദില്ലി പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏത്‌ അനേ്വഷണമാണ്‌ തുടര്‍ന്ന്‌ നടത്തേണ്ടി വരിക എന്നത്‌ സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുക.

മെഹര്‍ തരാറുമയി സുനന്ദ ട്വിറ്ററിലൂടെ നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ പോലീസ്‌ പരിശോധിക്കും. സുനന്ദപുഷ്‌കര്‍ അവസാന കാലത്ത്‌ ഉപയോഗിച്ചിരുന്ന വസ്‌തുക്കള്‍ ഫോറന്‍സിക്‌ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്‌. മരണത്തിന്റെ കാരണം, സ്വഭാവം എന്നിവ സംബന്ധിച്ച്‌ നിഗമനത്തിലെത്താന്‍ ദില്ലി പോലീസിന്‌ ഇതുവരെ സാധിച്ചിട്ടില്ല. തുടരനേ്വഷണത്തിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടുകൊണ്ടു തന്നെയാണ്‌ ദില്ലി പോലീസ്‌ അനേ്വഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. സുനന്ദാപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ പ്രാഥമികാനേ്വഷണം നടത്താനായിരുന്നു ദില്ലി പോലീസിന്‌ ലഭിച്ച നിര്‍ദ്ദേശം.

ഫോറന്‍സിക്‌ പരിശോധനാഫലം പുറത്ത്‌ വന്നതിനെ തുടര്‍ന്നായിരുന്നു ദില്ലി പോലീസിന്‌ സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ചിരുന്നത്‌.