ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറ് കവിഞ്ഞു

കൊളംബിയ:ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു. . 99 പേരെ കാണാതായി. ഗുരുതരമായി പരിക്കേറ്റ 40 പേരടക്കം നിരവധിപേര്‍ ആശുപത്രിയിലാണ്. വെള്ളിയാഴ്ച തുടങ്ങിയ മഴ ശനിയാഴ്ചയും തുടരുകയാണ്.

പുഴകളും ജലാശയങ്ങളും കരകവിഞ്ഞൊഴുകുന്നത് ജനജീവിതം ദുരിതത്തിലാക്കി. താഴ്ന്ന പലപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കുടിവെള്ളം കിട്ടാനില്ല. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സംഘം ശനിയാഴ്ച രാവിലെ കൊളംബോയില്‍ എത്തി. വെള്ളപ്പൊക്കംമൂലം ആയിരങ്ങളാണ് സുരക്ഷിതസ്ഥാനങ്ങള്‍ തേടി പലായനം ചെയ്യുന്നത്.

പതിനാലുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് ശ്രീലങ്ക സാക്ഷ്യംവഹിക്കുന്നത്. 2003ലുണ്ടായ പ്രളയത്തില്‍ 250 പേര്‍ മരിക്കുകയും 10,000 വീട് പൂര്‍ണമായും തകരുകയും ചെയ്തിട്ടുണ്ട്.