സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക്‌ വി ശിവന്‍കുട്ടിയെ പരിഗണിക്കുന്നു

v shivankuttyതിരുവനന്തപുരം: അഞ്‌ജു ബോബി ജോര്‍ജസ്‌പോട്‌സ്‌ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ തല്‍സ്ഥാനത്തേക്ക്‌ മുതിര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തെ സിപിഎം പരിഗണിക്കുന്നു. മുതിര്‍ന്ന സിപിഎം നേതാവായ വി ശിവന്‍കുട്ടിയെയാണ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ പരിഗണിക്കുന്നത്‌. മുന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ദാസന്റെ പേര്‌ വീണ്ടും ഉയര്‍ന്നു വെങ്കിലും സ്‌പോട്‌സ്‌ ലോട്ടറിയുമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ടി പി ദാസന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്‌.

അഞ്‌ജു ബോബി ജോര്‍ജ്‌ പ്രസിഡന്റ്‌ സ്ഥാനം ഒഴിയുകയും നോമിനേറ്റഡ്‌ ഭരണസമിതി അംഗങ്ങളെല്ലാം രാജിവെയ്‌ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്‌.

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കൂടിയായ ശിവന്‍കുട്ടി തലസ്ഥാനത്തെ മികച്ച സ്‌പോട്‌സ്‌ സംഘാടകന്‍കൂടിയാണ്‌. ഈ സാഹചര്യത്തിലാണ്‌ ശിവന്‍കുട്ടിയെ നേതൃസ്ഥാനത്തേക്ക്‌ കൊണ്ടുവരുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്‌. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമാകും.