ഉമ്മന്‍ചാണ്ടി കോടികള്‍ കൈക്കൂലി ആവശ്യപ്പെട്ടതായി സോളാര്‍ കമ്മീഷന്‍ മമ്പാകെ മൊഴി

oomanകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി സോളാര്‍ തട്ടിപ്പ്‌ കേസ്‌ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ എം കെ കുരുവിള മൊഴി നല്‍കി. സോളാര്‍ പദ്ധതിക്ക്‌ അംഗീകാരം നല്‍കണമെങ്കില്‍ കോടികള്‍ തവണകളായി കൈക്കൂലി നല്‍കണമെന്ന്‌ മുഖ്യമന്ത്രി തന്നോട്‌ നേരിട്ട്‌ ആവശ്യപ്പെട്ടതായി മൊഴിയില്‍ ആരോപിക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങളെ കുറിച്ച്‌ നിരവധി തവണ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും മൊഴിയില്‍ പറയുന്നു.

ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിള വെള്ളിയാഴ്‌ചയാണ്‌ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‌ മുന്നില്‍ മൊഴി നല്‍കിയത്‌. സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ നിയമസഭയ്‌ക്ക്‌ അകത്തും പുറത്തുമുയര്‍ന്ന ആരോപണങ്ങളില്‍ ആരുടെയെങ്കിലും പക്കല്‍ തെളിവുണ്ടെങ്കില്‍ 20 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന്‌ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

താന്‍ സോളാര്‍ ഇടപാടില്‍ ബന്ധപ്പെടുന്നത്‌ മുഖ്യമന്ത്രിയുടെ ബന്ധുവെന്ന്‌ പറയുന്ന ആന്‍ഡ്രൂസ്‌ എന്നയാള്‍ മുഖേനെയാണെന്നും കേരളത്തില്‍ ഒരു സോളാര്‍ പദ്ധതിക്ക്‌ വേണ്ടി ലണ്ടന്‍ ആസ്ഥാനമായ കമ്പനി 4000 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്നും അതില്‍ പങ്കാളിയാകാന്‍ തന്നെ ആന്‍ഡ്രൂസ്‌ നിര്‍ബന്ധിച്ചെന്നുമാണ്‌ കുരുവിള പറയുന്നത്‌. മുഖ്യമന്ത്രിയോട്‌ ആന്‍ഡ്രൂസ്‌ വഴി 45 മിനിറ്റ്‌ കൂടിക്കാഴ്‌ച നടത്തിയതായും കുരുവിള പറയുന്നു.

അതെസമയം പദ്ധതിയില്‍ സംശയം തോന്നിയ താന്‍ മുഖ്യമന്ത്രിയെ കണ്ട്‌ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും പിന്നീട്‌ അന്വേഷണമൊന്നും നടന്നില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ ഒരുമാസം ജയിലിലടച്ചെന്നും കുരുവിള ആരോപിച്ചു. സത്യം പുറത്തുകൊണ്ടുവരാനായി അന്നത്തെ ഡിജിപിയേയും കമ്മീഷന്‍ വിസ്‌തരിക്കണമെന്ന്‌ കുരുവിള ആവശ്യപ്പെട്ടിട്ടുണ്ട്‌.