ഗാന്ധിമുഖം പതിച്ച ചെരുപ്പ്; ആമസോണ്‍ വീണ്ടും വിവാദത്തില്‍

ദില്ലി: ഇന്ത്യന്‍ ദേശീയ പതാക ചവിട്ടിയില്‍ പതിപ്പിച്ച് വിവാദമായതിന് പിന്നാലെ പുതിയ വിവാദവുമായി അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ വീണ്ടും രംഗത്ത്. ഇത്തവണ ഗാന്ധിജിയുടെ പടം ചെരിപ്പില്‍ പതിപ്പിച്ച് വില്‍പ്പനയ്ക്ക് വെച്ചതാണ് വിവാദമായിരിക്കുന്നത്.

ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിക്കുന്ന ഉല്‍പ്പന്നം പിന്‍വലിച്ച് ആമസോണ്‍ ഖേദപ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെരിപ്പ് വിവാദം ഉണ്ടായിരിക്കുന്നത്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയതര്‍ന്നിരിക്കുന്നത്.

രാജ്യത്തോടും രാഷ്ട്രപിതാവിനോടുമുള്ള കടുത്ത അനാദരമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ‘ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്‌സ്’ എന്ന പേരിലാണ് ആമസോണ്‍ ഡോട്ട് കോമില്‍ 16.99 ഡോളര്‍ വിലയിട്ട് ചെരിപ്പ് ഓണ്‍ലൈനില്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്.