സെക്രട്ടറിയേറ്റിന്‌ മുന്നില്‍ ചെങ്ങറ ഭൂസമരക്കാരുടെ ആത്മഹത്യാഭീഷണി

cHENGARA-33തിരുവനനന്തപുരം: സെക്രട്ടറിയേറ്റിന്‌ മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി ചെങ്ങറസമരക്കാര്‍. തങ്ങളുടെ പ്രശ്‌നത്തിന്‌ ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ്‌ സമരക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്‌. മൂന്ന്‌ പേരാണ്‌ മരത്തിന്‌ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്‌. 761 ദിവസമായി നടത്തുന്ന സമരത്തിന്‌ ഒരു തരത്തിലും അധികാരികളില്‍ നിന്ന്‌ പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ്‌ തങ്ങള്‍ ഈ തീരുമാനമെടുക്കേണ്ടി വന്നതെന്ന്‌ സമരക്കാര്‍ പറഞ്ഞു.

സമരക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി അനുനയിപ്പിച്ച്‌ ഇവരെ താഴെയിറക്കുകയായിരുന്നു. ഭൂമി നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്‌ത ഉടന്‍ തീരുമാനമെടുക്കാമെന്ന്‌ കളക്ടര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ്‌ ഇവര്‍ താഴെയിറങ്ങിയത്‌.

ഇടുക്കിയില്‍ നേരത്തെ തങ്ങള്‍ക്ക്‌ നല്‍കിയ ഭൂമി വാസയോഗ്യമല്ലായിരുന്നെന്നും തങ്ങള്‍ക്ക്‌ പകരം ഭൂമി നല്‍കണമെന്നുമാണ്‌ സമരക്കാരുടെ ആവശ്യം. ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന്‌ തീരുമാനം കാണണം. തിരുവനന്തപുരത്ത്‌ ഭൂമി നല്‍കാമെന്ന്‌ സര്‍ക്കാര്‍ വാഗ്‌ദാനം നടത്തിയിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും തുടര്‍നടപടികളൊന്നും തന്നെ ഉണ്ടായില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു.