ശാസ്‌ത്രോത്സവത്തിന്‌ തിരശീല; കോഴ്‌ക്കോടിന്‌ കിരീടം

sasthrothsvam, tirur copyതിരൂര്‍: തുഞ്ചന്റെ മണ്ണില്‍ നാലുദിവസം നീണ്ടു നിന്ന ശാസ്‌ത്രോത്സവത്തിന്‌ തിരശീല വീണു. കേരളത്തിന്റെ പുതു വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന്‌ ശാസ്‌ത്ര ലോകത്തേക്ക്‌ ഏറെ സംഭാവനകള്‍ ലഭിക്കുമെന്ന പ്രതീക്ഷ നല്‍കിക്കൊണ്ടാണ്‌ ഇത്തവണത്തെ ശാസ്‌ത്രോത്സവത്തിന്‌ സമാപനമായത്‌. സമാപനസമ്മേളനം ടൂറിസം മന്ത്രി എപി അനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ എംപി മാരായ ഇ. അഹമ്മദ്‌, ഇ.ടി മൂഹമ്മദ്‌ ബഷീര്‍, മലയാളം സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ കെ ജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  1112 പോയിന്റോടെ കോഴിക്കോട്‌ ജില്ല ഓവറോള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. 1067 പോയിന്റോടെ കണ്ണൂരും 1038 പോയിന്റോടെ തൃശൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ആതിഥേയരായ മലപ്പുറം 1035 പോയിന്റ്‌ നേടി നാലാം സ്ഥാനത്തെത്തി.

ശാസ്‌ത്രപ്രതിഭകളുടെ മികച്ച പ്രകടനം കാഴ്‌ചവെച്ച മേള അപ്പീലുകളുടെ എണ്ണത്തിലും ചരിത്രം തീര്‍ത്തു. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്ക്‌ 125 പവന്റെ സ്വര്‍ണകപ്പ്‌ ഏര്‍പ്പെടുത്തിയ ആദ്യത്തെ മേളയാണിത്‌.കാനായി കുഞ്ഞിരാമന്‍ രൂപകല്‌പനചെയ്‌ത ചാമ്പ്യന്‍സ്‌ ട്രോഫി പണിപ്പുരയിലാണ്‌. വിജയില്‌കള്‍ക്ക്‌ ട്രോഫിയുടെ മാതൃക മന്ത്രി എപി അനില്‍കുമാര്‍ വിതരണം ചെയ്‌തു.

സയന്‍സ്‌ വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാമതെത്തി. മലപ്പുറം കോഴിക്കോട്‌ ജില്ലകളില്‍ യാഥാക്രമം രണ്ട്‌ മൂന്ന്‌ സ്ഥാനങ്ങള്‍ നേടി. സോഷ്യല്‍ സയന്‍സില്‍ തൃശൂര്‍ ഒന്നാമതെത്തി. കണ്ണൂര്‍ രണ്ടാമതും കോഴിക്കോട്‌ മൂന്നാമതും എത്തി. ഗണിതശാസ്‌ത്രത്തില്‍ കോഴിക്കോട്‌ ഒന്നാം സ്ഥാനത്തെത്തി. കണ്ണൂര്‍, മലപ്പുറം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. പ്രവൃത്തി പരിചയമേളയിലും കോഴിക്കോട്‌ ഒന്നാമതെത്തി. പാലക്കാട്‌ രണ്ടും തൃശൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ഐടി മേളയില്‍ മലപ്പുറം ചാമ്പ്യന്‍മാരായി . കോഴിക്കോടും പാലക്കാടും പിന്നിലുണ്ട്‌.

സ്‌പെഷല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയമേളയില്‍ എറണാകുളം മാണിക്കമംഗലം സെന്റ്‌ ക്ലെയര്‍ ഓറിയെന്റെല്‍ സ്‌കൂള്‍ ഫോര്‍ ഡഫ്‌ ചാമ്പ്യന്‍മാരായി. കോഴിക്കോട്‌ റഹ്മാനിയ വിഎച്ച്‌എസ്‌എസ്‌ ഫോര്‍ ഹാന്റികേപ്പ്‌ഡ്‌, കോട്ടയം വടകര അസീസ്‌ മൗണ്ട്‌ എച്ച്‌ എസ്‌ എസ്‌ ഫോര്‍ ഡെഫ്‌ എന്നിവരാണ്‌ തൊട്ടുപിന്നില്‍.