പാസ്റ്റര്‍മാരോട് തരൂര്‍ നടത്തിയ ആഹ്വാനം ചട്ടലംഘനം; തരൂരിനെതിരെ നടപടിക്ക് നിര്‍ദ്ദേശം.

sasi tharoorതിരു : തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പാസ്റ്റര്‍മാരോട് നടത്തിയ ആഹ്വാനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ. വിശ്വാസികളോട് തനിക്ക് വോട്ട് ചെയ്യാനായി പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്ത് ശശി തരൂര്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ബിജെപിയും ഇടതു പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് കൈമാറി.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കേസ് എടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് നളിനി നെറ്റോ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പെന്തകോസ്ത് സഭയിലെ പാസ്റ്റര്‍മാരെ ആരാധനക്ക് മുന്നോടിയായി വിളിച്ചു വരുത്തി തനിക്ക് വോട്ട് ചെയ്യാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങളും, സംഭാഷണങ്ങളും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശമുണ്ടായത്.