സിറിയയലില്‍ റഷ്യന്‍ വ്യോമാക്രമണം; 40 മരണം

Russian-air-strikes-in-Syriaദമാസ്‌കസ്‌: സിറിയയിലെ ഇദ്‌ലിബ്‌ പ്രവിശ്യയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടു. 150 ലധികം പേര്‍ക്ക്‌ പരിക്കേറ്റു. വിമത നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശമായ മഡായയില്‍ ഭക്ഷണം ലഭിക്കാതെ 40,000 ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്ക്‌ സഹായമെത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ തടസ്സപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്‌.

ഇദ്‌ലിബിലെ മാരത്ത്‌ അല്‍ നൂമാന്‍ നഗരത്തിലായിരുന്നു റഷ്യ ആക്രമണം നടത്തിയത്‌. നഗരത്തിലെ കോടതിയും ജയിലും ലക്ഷ്യമാക്കിയായിരുന്നു ബോംബാക്രമണം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്‌. ലെബനന്‍ അതിര്‍ത്തിക്ക്‌ സമീപം ഉള്ള മഡായയിലാണ്‌ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40,000 ത്തോളം പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത്‌. പട്ടിണിയെ തുടര്‍ന്ന്‌ ഇതിനോടകം നിരവധി പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

അതെസമയം ഭക്ഷണവും മരുന്നുകളും എത്തിക്കാനുള്ള വേള്‍ഡ്‌ ഫുഡ്‌ പ്രോഗ്രാമിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന്‌ ഡബ്യുപിഎഫ്‌ അറിയിച്ചിട്ടുണ്ട്‌. ഈ മാസം ജനീവയില്‍ വെച്ച്‌ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന്‌ സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ്‌ മുയെല്ലം വ്യക്തമാക്കി. നാലുവര്‍ഷത്തിലധികമായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ 2.5 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്ന എന്നാണ്‌ ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.