റോസമ്മ പുന്നൂസ് അന്തരിച്ചു

ഒമാന്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സ്വാതന്ത്രസമര സേനാനിയുമായിരുന്ന റോസമ്മ പുന്നൂസ്(100) അന്തരിച്ചു. അന്ത്യം ഒമാനില്‍ വെച്ചായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് വിശ്രമ ജീവിതം rosammaനയിച്ചുവരികയായിരുന്നു.

സംസ്‌ക്കാരം മറ്റന്നാള്‍ മൃതദേഹം നാട്ടിലെത്തിച്ച ശേഷം തിരുവല്ലക്കടുത്ത് കന്തന്നാനത്ത് നടക്കും മെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുന്‍ എംപി പിടി പൊന്നൂസാണ് ഭര്‍ത്താവ്. അക്കാമ്മ ചെറിയാന്റെ സഹോദരിയാണ്.

1957 ല്‍ നടന്ന ആദ്യ കേരള തിരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്ന് ജയിച്ച് നിയമസഭയിലെത്തിയ റോസമ്മ പുന്നൂസിന് കേരള രാഷ്്ട്രീയത്തില്‍ ഒട്ടേറെ റെക്കോഡുകള്‍ സ്വന്തമായിട്ടുണ്ട്. 1957 ലെ ആദ്യ കേരള നിയമസഭയില്‍ സത്യപ്രതിജ്ഞചെയ്ത ആദ്യ അംഗമാണ് റോസമ്മ പുന്നൂസ്.

ആദ്യത്തെ പ്രോടൈം സ്പീക്കര്‍, കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി, ആദ്യ ഉപതെരഞ്ഞെടുപ്പ് വിജയി എന്നീ വിശേഷണങ്ങളും റോസമ്മയ്ക്ക് സ്വന്തമാണ്.

1913 ല്‍ കാഞ്ഞിരപ്പിള്ളി കരിപ്പാപ്പറമ്പ് ചെറിയാന്റെയും അന്നമ്മയുടെയും എട്ട് മക്കളില്‍ നാലമത്തെ കുട്ടിയായാണ് റോസമ്മയുടെ ജനനം. നിയമബിരുദ്ധധാരിണിയായ അവര്‍ 1939 ലാണ് സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. സ്വതന്ത്ര സമരകാലത്ത് മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

1948 ലാണ് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. 1957 ല്‍ ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്നപ്പോള്‍ ദേവികുളം മണ്ഡലത്തില്‍ നിന്നും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

സിപിഐയുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷന്‍ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോര്‍പ്പറേഷന്റെ ചെയര്‍പേഴ്‌സണ്‍, ഹൗസിംഗ് ബോര്‍ഡ് അംഗം, പത്തു വര്‍ഷത്തോളം റബ്ബര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍: തോമസ് പുന്നൂസ്, ഗീത ജേക്കബ്ബ്.