റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ഖത്തര്‍ ഇന്ത്യോനേഷ്യക്ക്‌ 50 മില്യന്‍ ഡോളര്‍ നല്‍കും

Quatar malabairinewsദോഹ: മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സഹായിക്കാനായി ഖത്തര്‍ അമീര്‍ ഇന്തോനേഷ്യന്‍ സര്‍ക്കാറിന് 50 മില്ല്യന്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി രത്‌നോ മര്‍സുദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമീര്‍ ഇക്കാര്യം അറിയിച്ചത്.
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്കാന്‍ ആവശ്യമായ സഹായം വേണമെന്ന് മര്‍സുദി അമീറിനോട് അഭ്യര്‍ഥിച്ചതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റോഹിങ്ക്യന്‍ അഭയാര്‍ഥികളെത്തിയ ബോട്ടുകള്‍ക്കു നേരെ വെടിവെപ്പ് ഉള്‍പ്പെടെ നടത്തിയതിന് ഈ മാസമാദ്യം മലേഷ്യ, ഇന്തോനേഷ്യ, തായിലാന്റ് എന്നീ രാജ്യങ്ങള്‍ക്കു നേരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്വന്തം രാജ്യത്ത് ഉപദ്രവങ്ങളും ദാരിദ്ര്യവും സഹിക്കാനാവാതെയാണ് പലരും അഭയാര്‍ഥികളായി നാടുവിട്ടത്. എന്നാല്‍ കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യയും മലേഷ്യയും അഭയാര്‍ഥികള്‍ക്ക് താത്ക്കാലിക അഭയകേന്ദ്രങ്ങള്‍ അനുവദിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു. അഭയാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തിനകം പുനരധിവാസവും തിരികെ പോകാനുള്ള സാഹചര്യങ്ങളും ലോകസമൂഹം ഒരുക്കണമെന്നാണ് ഇരു രാജ്യങ്ങളും ആവശ്യപ്പെടുന്നതെന്ന് മലേഷ്യന്‍ വിദേശകാര്യ മന്ത്രി അനിഫാ അമനും ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി രത്‌നോ മര്‍സുദിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കൂടാതെ, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിയും ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി രത്‌നോ മര്‍സുദിയും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തേയും താത്പര്യത്തേയും കുറിച്ചും ചര്‍ച്ചകള്‍ നടത്തിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ ഉള്‍പ്പെടെ അറബ് മേഖലയിലെ 20 രാജ്യങ്ങളിലേക്ക് വീട്ടുജോലിക്കായി തങ്ങളുടെ പൗരന്മാരെ അയക്കില്ലെന്ന ഇന്തോനേഷ്യയുടെ തീരുമാനത്തെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. മനുഷ്യാവകാശങ്ങളും രാജ്യത്തിന്റെ അഭിമാനവും സംരക്ഷിക്കാനാണ് വീട്ടുവേലക്കാരെ അയക്കില്ലെന്ന തീരുമാനമെടുത്തതെന്നാണ് ഈ മാസമാദ്യം ഇന്തോനേഷ്യ അറിയിച്ചത്. മൂന്ന് മാസത്തിനകം ഇന്തോനേഷ്യന്‍ തീരുമാനം നിലവില്‍ വരും. എന്നാല്‍ നിലവില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇരുപതിനായിരത്തോളം വീട്ടുജോലിക്കാര്‍ക്ക് ഈ നിയമം ബാധകമാകില്ല.