മാവൂര്‍ റോഡിലെ ഹോട്ടലുടമയെ വധിക്കാന്‍ ശ്രമിച്ചു; ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

കോഴിക്കോട് : മാവൂര്‍ റോഡിലെ ഹോട്ടലുടമയെ കടയില്‍ കയറി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റിലായി. പാളയം പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളി അരക്കിണര്‍ പിടി ക്വാര്‍ട്ടേഴ്‌സിലെ സക്കറിയ (34) യാണ് കസബ പോലീസിന്റെ പിടിയിലായത്.
ക്വട്ടേഷന്‍ നല്‍കിയ കെട്ടിട ഉടമ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് വേണ്ടിയുള്ള അനേ്വഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ അബ്ദുറഹ്മാന്‍ ഉള്‍പ്പെടെ പത്ത് പേരെയാണ് പോലീസ് അനേ്വഷിക്കുന്നത്.

കുഴല്‍പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് 2012 ല്‍ മെഡിക്കല്‍ കോളേജ് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ സക്കറിയക്ക് എതിരെ കസബ പോലീസില്‍ നേരത്തെ രണ്ട് അടിപിടിക്കേസുകളും നിലവിലുണ്ട്.

മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ന്യൂവേള്‍ഡ് ഹോട്ടലില്‍ ഏപ്രില്‍ 17 ന് അതിക്രമിച്ചു കയറി ഉടമ തമിഴ്‌നാട് ശ്രീവൈകുണ്ഠം കരുണാനിധി നഗറില്‍ അറമുഖം എന്ന മണിയെ ആക്രമിച്ചുവെന്നതാണ് കേസ്. വധശ്രമം, അന്യായമായി സംഘം ചേരല്‍, അതിക്രമിച്ചു കയറല്‍,ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സക്കറിയയെ അറസ്റ്റ് ചെയ്തത്.