രാംപാലിന്റെ ആശ്രമത്തില്‍ വന്‍ ആയുധ ശേഖരവും ഗര്‍ഭപിരശോധന കിറ്റുകളും

Rampalചണ്ഡീഗഡ്‌: പോലീസ്‌ പിടിയിലായ ആള്‍ദൈവം രാംപാലിന്റെ ആശ്രമത്തില്‍ നടത്തിയ റെയ്‌ഡില്‍ വന്‍ആയുധശേഖരവും ഗര്‍ഭപരിശോധന കിറ്റുകളും കണ്ടെടുത്തു. പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്നതാണ്‌ ഈ ആശ്രമം. 0.32 ബോര്‍ റിവോള്‍വറുകള്‍, 19 എയര്‍ ഗണ്ണുകള്‍, 0.12 ബോര്‍ റൈഫിളുകള്‍, രണ്ട്‌ 0.135 ബോര്‍ റൈഫിളുകള്‍, മുളക്‌ഗ്രനേഡുകള്‍, കാട്രിഡ്‌ജുകള്‍ എന്നിവ കണ്ടെടുത്തതായാണ്‌ പൊലീസ്‌ അധികൃതര്‍ വ്യക്തമാക്കിയത്‌.

രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്‌, യുപി, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള 865 പേര്‍ പൊലീസ്‌ കസ്റ്റഡിയിലായിട്ടുണ്ട്‌. ആശ്രമത്തില്‍ രാംപാലിന്റെ മുറിക്ക്‌ തൊട്ടടുത്തു നിന്നാണ്‌ ഗര്‍ഭ പരിശോധനാ കിറ്റുകള്‍ കണ്ടെത്തിയത്‌. ഈ സമയം ആശ്രമത്തിലെ കുളിമുറികളിലൊന്നില്‍ അബോധാവസ്ഥയിലായ നിലയില്‍ ഒരു യുവതിയെയും കണ്ടെത്തിയിട്ടുണ്ട്‌. സ്‌ത്രീയെ കുളിമുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മധ്യപ്രദേശിലെ അശോക്‌ നഗര്‍ ഗ്രമാത്തിലുള്ളതാണ്‌ സ്‌ത്രീയെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ആശ്രമത്തില്‍ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ്‌ വസ്‌തുക്കള്‍ കണ്ടെത്തിയത്‌. രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന ബാഗുകളില്‍ നിന്നാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്‌. ആശ്രമത്തിന്റെ മധ്യഭാഗത്തായി രാംപാല്‍ ഇരുന്നിരുന്ന പീഠത്തിനുള്ളിലായാണ്‌ രഹസ്യ അറ കണ്ടെത്തിയത്‌. ആയുധ ശേഖരം ഈ രഹസ്യ അറയിലായിരുന്നു.

സ്വിമ്മിംഗ്‌ പൂള്‍, എസി റൂമുകള്‍, ഫാം ഹൗസിനും ആഡംഭര ഹോട്ടലിലേതിനും സമാനമായ മുറികള്‍, മസാജിനായുള്ള കിടക്കകള്‍, ട്രെഡ്‌ മില്‍ എന്നിവയും ആശ്രമത്തിനുള്ളിലുണ്ട്‌. ആശ്രമത്തിലെത്തുന്നവരെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌.

രാംപാലിനെ അറസ്റ്റ്‌ ചെയ്യാനുള്ള പൊലീസ്‌ നീക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. രാംപാലിന്റെ അനുയായികള്‍ പോലീസ്‌ നേരെ വെടിവെച്ചതിനെ തുടര്‍ന്നാണ്‌ ആക്രമം ഉണ്ടായത്‌. അഞ്ച്‌ സ്‌ത്രീകളും ഒരു കുട്ടിയുമാണ്‌ മരിച്ചത്‌.