ഖത്തറില്‍ മാലിന്യങ്ങള്‍ നീക്കാന്‍ മുനിസിപ്പാലിറ്റി വാര്‍ഷികഫീസ്‌ ഈടാക്കാനൊരുങ്ങുന്നു

quatar news 3ദോഹ: മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പെടെ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വാര്‍ഷിക ഫീസ് ഈടാക്കാന്‍ മുനിസിപ്പാലിറ്റി നഗരാസൂത്രണ മന്ത്രാലയം ആലോചിക്കുന്നു. ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന വേസ്റ്റ് ബോക്‌സിന്റെ വലിപ്പത്തിന് അനുസരിച്ചാണ് ഫീസ് തീരുമാനിക്കുക. മന്ത്രാലയത്തിലെ പൊതുശുചിത്വ വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് നടപ്പിലാക്കാനാകൂകയുള്ളു.

240 ലിറ്ററിന്റെ വേസ്റ്റ് ബോക്‌സ് ഉപയോഗിക്കുന്നവര്‍ ആയിരം റിയാലും 360 ലിറ്ററിന്റെ വേസ്റ്റ് ബോക്‌സ് ഉപയോഗിക്കുന്നവര്‍ 1,100 റിയാലും ഫീസ് നല്‍കണം. ഏഴ് യാഡ് വിസ്തൃതിയുളള വേസ്റ്റ് ബോക്‌സ് ഉപയോഗിക്കാന്‍ 13,400 റിയാലും 13 യാഡ് വിസ്തൃതിയുള്ള 14,400 റിയാലും 18 യാഡിന്റേതിന് 15,400 റിയാലും വാര്‍ഷിക ഫീസ് നല്‍കേണ്ടി വരും. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് വന്‍കിട കെട്ടിട ഉടമകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം കത്തയക്കുന്നുണ്ട്. വേസ്റ്റ് ബോക്‌സ് തെരഞ്ഞെടുക്കാനും ശുചീകരണ സേവനം ആവശ്യപ്പെടാനുമുളള അധികാരം ഉടമകള്‍ക്കാണ്. വില്ലകളും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളുമടക്കം താമസകേന്ദ്രങ്ങളിലെ മാലിന്യനീക്കം തുടര്‍ന്നും സൗജന്യമായിരിക്കും