ലോകകപ്പ്‌ ഫുട്‌ബോള്‍;ഖത്തറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം;പരാതി ജര്‍മന്‍ കോടതി സ്വീകരിച്ചു

Story dated:Sunday July 12th, 2015,12 46:pm

al_garafa_stadium_a180510_1 copyദോഹ: ലോകകപ്പ് ഫുട്ബാള്‍ 2022മായി ബന്ധപ്പെട്ട് ഖത്തറിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ജര്‍മ്മന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് തിയോ സ്വാന്‍സിഗര്‍ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ ജര്‍മന്‍ കോടതിയില്‍ നല്കിയ പരാതി സ്വീകരിച്ചു. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ യാതൊരു കാരണവശാലും ഖത്തറില്‍ നടത്തുവാന്‍ അനുവദിക്കരുതെന്നും ഫുട്ബാളിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന മാരകമായ അര്‍ബുദമാണ് ഖത്തറെന്നുമായിരുന്നു തിയോ സ്വാന്‍സിഗര്‍ പ്രസ്താവന നടത്തിയത്.
പ്രമുഖ ജര്‍മന്‍ ദിനപത്രമായ ഫ്രാങ്ക്ഫ്യൂറ്റര്‍ അല്‍ജെമിന്‍ സെയ്തൂങ്ങില്‍ എഴുതിയ ലേഖനത്തിലാണ് തിയോ സ്വാന്‍സിഗര്‍ ഖത്തറിനെതിരെ പരാമര്‍ശം നടത്തിയത്.

സ്വാന്‍സിഗര്‍ തന്റെ പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മാപ്പ് അപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിനെതിരെ ജര്‍മന്‍ ക്രിമിനല്‍ വ്യവസ്ഥ അനുസരിച്ച് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഖത്തര്‍ അംബാസിഡര്‍ അബ്ദുഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖുലൈ്ഫി ഡ്യൂ സ്സല്‍ഡോര്‍ഫിലെ ഉന്നത കോടതിയില്‍ പരാതി നല്കിയത്. പ്രസ്തുത പരാതി കോടതി സ്വീകരിക്കുകയായിരുന്നു.  ജര്‍മനിയിലെ ഉന്നത കോടതിയായ ‘ലാന്‍ഡ് ഗെരിശ്റ്റ്’ ആണ് പരാതി സ്വീകരിച്ചത്. ഖത്തര്‍ സ്ഥാനപതി ജര്‍മനിയുടെ നിലവിലുള്ള ഫുട്ബാള്‍ പ്രസിടന്റ് വോള്‍ഫ്ഗാങ്ങ് നിയേസ് ബഹിനെ സന്ദര്‍ശിച്ചിരുന്നു
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ശേഷം സ്വാന്‍സിഗര്‍ക്ക് വിശദീകരണം നല്കുവാന്‍ കോടതി നോട്ടീസ്  അയച്ചിട്ടുണ്ട്.
ഖത്തര്‍ സര്‍ക്കാറിനു വേണ്ടിയും ഖത്തര്‍ ഫുട്ബാള്‍ ഫെഡറേഷന് വേണ്ടിയും രണ്ടു വ്യത്യസ്ത പരാതികളാണ് ഖത്തര്‍ സ്ഥാനപതി എന്ന നിലയില്‍ അബ്ദുഹ്മാന്‍ ബിന്‍ മുഹമ്മദ്  അല്‍ ഖുലൈഫി നല്‍കിയിരിക്കുന്നത്.