ഖത്തറില്‍ ജോലിചെയ്യുന്ന 40% പ്രൊഫഷണലുകളും വരുമാനത്തില്‍ അസംതൃപ്‌തരെന്ന്‌ സര്‍വ്വേ

at the al jazeera broadcast center in doha, qatarദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന 40 ശതമാനം പ്രൊഫഷണലുകളും തങ്ങളുടെ വരുമാനത്തില്‍ അസംതൃപ്തരാണെന്ന് സര്‍വ്വേ. ലഭിക്കുന്ന വരുമാനം വളരെ സംതൃപ്തി നല്കുന്നതാണെന്ന് അഭിപ്രായപ്പെട്ടത് നാല് ശതമാനം പേര്‍.
2014ന് ശേഷം ശമ്പളത്തില്‍ വര്‍ധനവ് അനുഭവപ്പെട്ടിട്ടില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ തങ്ങള്‍ക്കുണ്ടായ ശമ്പള വര്‍ധനവില്‍ 27 ശതമാനം പേര്‍ സംതൃപ്തരാണ്. മിഡില്‍ ഈസ്റ്റിലെ പ്രസിദ്ധ ജോബ് വെബ്‌സൈറ്റായ ബയ്ത്ത് ഡോട്ട് കോമും മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ യുഗവും ചേര്‍ന്നാണ് 2015ലെ മിന മേഖലയിലെ ശമ്പള സര്‍വ്വേ സംഘടിപ്പിച്ചത്. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളില്‍ പകുതിയിലേറെ പേരും 2015ല്‍ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. 22 ശതമാനം പേര്‍ ശമ്പള വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ശമ്പളത്തില്‍ 15 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് 33 ശതമാനം പേര്‍ പ്രതീക്ഷിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേര്‍ ബേസിക്ക് സാലറിയും ബെനിഫിറ്റുകളും ചേര്‍ന്നാണ് ശമ്പളം ലഭിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ 12 ശതമാനം പേര്‍ക്ക് കമ്മീഷനുമായി ചേര്‍ന്നാണ് ലഭിക്കുന്നത്. ബേസിക്ക് സാലറിയോടൊപ്പം മറ്റ് ബെനിഫിറ്റുകളും ശമ്പളമായി  ലഭിക്കുന്ന 34 ശതമാനം പേര്‍ക്ക് ശമ്പളത്തിന്റെ 25 മുതല്‍ 50 ശതമാനം വരെയാണ് ബേസിക്ക് സാലറി. 40 ശതമാനം പേര്‍ക്ക് ശമ്പള പാക്കേജിന്റെ 51 മുതല്‍ 75 ശതമാനം വരെ ബേസിക്ക് സാലറിയാണ്.
ഖത്തറിലെ കമ്പനികളില്‍ 45 ശതമാനവും വാര്‍ഷിക വിമാന ടിക്കറ്റും 38 ശതമാനം മെഡിക്കല്‍ ഇന്‍ഷൂറന്‍സുമാണ് സാധാരണയായി നല്കുന്ന ബെനിഫിറ്റുകള്‍. ഖത്തര്‍ പ്രൊഫഷണലുകളില്‍ 38 ശതമാനം പേര്‍ക്ക് കമ്പനികള്‍ വ്യക്തിഗത മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നല്കുമ്പോള്‍ 14 ശതമാനം പേര്‍ക്ക് അവരുടെ ആശ്രിതര്‍ക്കും ഇത് അനുവദിക്കുന്നുണ്ട്.
സര്‍വ്വേയില്‍ ഖത്തറില്‍ നിന്നും പങ്കെടുത്ത 85 ശതമാനം പേരും 2014 മുതലുണ്ടായ ജീവിതച്ചെലവിലെ വര്‍ധനവിനെ തുടര്‍ന്ന് പരുങ്ങലിലാണെന്ന് പറഞ്ഞിട്ടുണ്ട്. ജീവിതച്ചെലവ് 20 ശതമാനത്തിലേറെ വര്‍ധിച്ചതായി 27 ശതമാനം പേര്‍ ചൂണ്ടിക്കാട്ടുന്നു. ജീവിതച്ചെലവിലെ വര്‍ധനവിന് പ്രധാന കാരണമായി 74 ശതമാനം പേരും ചൂണ്ടിക്കാട്ടിയത് വാടകയിലെ വര്‍ധനവാണ്. ഭക്ഷ്യവിഭവങ്ങളിലെ വര്‍ധനവിനെ കുറിച്ച് 69 ശതമാനം പേരും വീട്ടുപകരണങ്ങളുടെ വിലയിലുണ്ടായ മാറ്റത്തെ കുറിച്ച് 28 ശതമാനം പേരും പ്രതികരിച്ചു.
ജീവിതച്ചെലവിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് മാസ വരുമാനത്തില്‍ നിന്നും ഒന്നും മിച്ചം വെക്കാനാവുന്നില്ലെന്ന് 19 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ 74 ശതമാനം പ്രവാസികളും തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗം നാട്ടിലേക്ക് അയക്കുന്നതായും പറഞ്ഞു.
എന്നാല്‍ ജീവിതച്ചെലവില്‍ വര്‍ധനവുണ്ടായെങ്കിലും ജീവിത നിലവാരത്തില്‍ തങ്ങളുടെ തലമുറയിലുള്ള മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്നവരെ അപേക്ഷിച്ച് മികച്ച അവസ്ഥയാണുള്ളതെന്നും ഖത്തറില്‍ നിന്നും സര്‍വ്വേയോട് പ്രതികരിച്ച 53 ശതമാനം പേരും അഭിപ്രായപ്പെട്ടു. അടുത്ത 12 മാസത്തിനകം തങ്ങള്‍ ജോലി ചെയ്യുന്ന അതേ മേഖലയില്‍ കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെന്ന് 52 ശതമാനം പേരും പ്രതീക്ഷിക്കുന്നുണ്ട്. 25 ശതമാനം പേര്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കു പുറത്തുള്ള മറ്റ് അവസരങ്ങളിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും ഖത്തറില്‍ ശമ്പള വര്‍ധനവുണ്ടാകുന്നുണ്ടെന്നും അഭിപ്രായം രേഖപ്പെടുത്തി.
ഖത്തറില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം പേര്‍ക്കും നിലവില്‍ സ്വന്തമായ വീടുണ്ട്. സ്വന്തമായി വീടില്ലാത്ത 30 ശതമാനം പേര്‍ തങ്ങളുടെ രാജ്യത്ത് വീട് വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.
2015 മാര്‍ച്ച് 30നും ഏപ്രില്‍ ആറിനും ഇടയിലാണ് സര്‍വ്വേ നടന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 12,158 പേരെ മുന്‍നിര്‍ത്തിയാണ് വിവര ശേഖരണം നടത്തിയത്. ഖത്തറിന് പുറമേ യു എ ഇ, സഊദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹറൈന്‍, ലെബനാന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, മൊറോക്കോ, അല്‍ജീരിയ, തുണീഷ്യ എന്നീ രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്.