ഖത്തറില്‍ വിവിധ കമ്പനികള്‍ അടുത്തവര്‍ഷം ശമ്പളം വര്‍ദ്ധിപ്പിക്കുന്നു

Story dated:Tuesday September 6th, 2016,01 54:pm

Untitled-1 copyദോഹ: ഖത്തറില്‍ വിവിധ കമ്പനികള്‍ അടുത്തവര്‍ഷത്തോടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന്‌ സര്‍വേ റിപ്പോര്‍ട്ട്‌. 2017 ഓടെ ഖത്തറിലെ ശരാശരി വേതന നിരക്ക്‌ 4.5 ശതമാനമാക്കുമെന്നാണ്‌ സര്‍വേ ഫലം വ്യക്തമാക്കുന്നത്‌. നിലവില്‍ രാജ്യത്തെ ശമ്പള വര്‍ധനയുടെ തോത്‌ 3.6 ശതമാനമാണ്‌. 2017 ലെ ജി.സി.സി രജ്യങ്ങളിലെ ശമ്പള വര്‍ധനയെക്കുറിച്ചുള്ള അഭിപ്രായമാരായാന്‍ അറുനൂറോളം കമ്പനികളെയാണ്‌ പ്രമുഖ അമേരിക്കന്‍ മനുഷ്യവിഭവ ശേഷി മാനേജ്‌മെന്റ്‌ ആന്റ്‌ കണ്‍സള്‍ട്ടിങ്‌ സ്ഥാപനമായ എഒഎന്‍ ഹ്യൂവിറ്റ്‌ സമീപിച്ചത്‌.

സര്‍വേ ഫല പ്രകാരം ജി സി സി രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ ശമ്പളവര്‍ധന അനുഭവപ്പെടുന്ന രാജ്യം ഖത്തറായിരിക്കും. എന്നിരുന്നാലും നിലവിലെ വര്‍ധന ശരാശരി 3.6 ശതമാനത്തിലും വര്‍ധിച്ച നിരക്കായിരിക്കും 2017 ല്‍ ലഭ്യമാകുക എന്നാണ്‌ സര്‍വേ ഫലം വെളിവാക്കുന്നത്‌.

അംഗരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധനവ്‌ അനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയായിരിക്കും. 4.9 ശതമാനമാണ്‌ വര്‍ധനവ്‌. നിലവില്‍ 4.6 ശതമാനമാണ്‌ കണക്കാക്കിയിട്ടുള്ളത്‌. രണ്ടാം സ്ഥാനത്ത്‌ കുവൈത്താണ്‌. 4.8 ശതമാനം ശമ്പള വര്‍ധനവാണ്‌ കണക്കാക്കിയിട്ടുള്ളത്‌. നിലവില്‍ 4.3 ശതമാനമാണ്‌ വേതന നിരക്ക്‌ പോകുന്നത്‌. മൂന്നാം സ്ഥനത്ത്‌ ബഹ്‌റൈനാണ്‌.

2017 ഓടെ ജിസിസിയിലാകമാനം ശരാശരി 4.7 ശതമാനത്തിന്റെ ശമ്പള വര്‍ധനയാണ്‌ സര്‍വേ ഫലം കണക്കാക്കുന്നത്‌. വരും വര്‍ഷങ്ങളില്‍ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ശക്തിപ്രാപിക്കുമന്ന പ്രതീക്ഷയിലാണ്‌ ഈ നിഗമനം. ഈ അഞ്ച്‌ ശതമാനം വേതന വര്‍ധനവാണ്‌ എഒഎന്‍ പ്രവചിച്ചിരുന്നതെങ്കിലും 4.3 ശതമാനമെന്ന നിരക്കിലാണ്‌ വേതന വര്‍ധനവിന്റെ തോത്‌ നിലനില്‍ക്കുന്നത്‌. എണ്ണയേതര വരുമാനം ലക്ഷ്യമിട്ടുള്ള സാമ്പത്തിക വൈവിധ്യവത്‌കരണ പദ്ധതികളുടെ ഭാഗമായി പണപ്പെരുപ്പ നിയന്ത്രണവും നികുതിയിലുള്ള വരുമാനങ്ങളുമായി ജിസിസി രാജ്യങ്ങളുടെ വരുമാനം വര്‍ധിക്കുമെന്നും ഇതോടെ ശമ്പള നിരക്കിലും വര്‍ധനയുണ്ടാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

അതെസമയം എണ്ണവില താഴ്‌ന്നെങ്കിലും പല കമ്പനികളും ചെലവുകള്‍ ചുരുക്കിയെങ്കിലും ശമ്പളം ഉയര്‍ത്താന്‍ പലരും തയ്യാറായിരുന്നതായും ഇത്‌ വരും വര്‍ഷവും തുടരുമെന്നുമാണ്‌ റിപ്പോര്‍ട്ട്‌. എണ്ണവിലയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നില്ലെങ്കിലും എണ്ണയേതര വരുമാനം വര്‍ധിപ്പിച്ച്‌ ജിസിസിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്‌ നീക്കം.