ലൂമിയ 532 ഖത്തറില്‍ ലഭ്യമാകും

downloadദോഹ: മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഫോണായ ലൂമിയ 532 ഖത്തറില്‍ ലഭ്യമാകും. വിന്‍ഡോസ് 8.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മികച്ച സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ മെമ്മറി, മികച്ച ഫ്രണ്ട് ക്യാമറ എന്നിവ സൗകര്യങ്ങളില്‍ ചിലത് മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു.
സ്‌കൈപ്പ് പ്ലാറ്റ്‌ഫോമില്‍ വോയ്‌സ് ആന്റ് വീഡിയോ കോളുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഓഫിസ് രേഖകള്‍ എന്നിവ സൂക്ഷിക്കാന്‍ 30 ജി ബിയുടെ വണ്‍ ഡ്രൈവ്, മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് സ്‌ട്രെയിറ്റ്, എടുക്കുന്ന ഫോട്ടോകള്‍ സ്വന്തമായി എഡിറ്റ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയ ലൂമിയ 532ലുണ്ട്.
നൂതനമായ സൗകര്യങ്ങളുള്ള ഫോണുകള്‍ മിതമായ വിലയ്ക്ക് എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൂമിയ 532 ഇറക്കിയിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് മൊബൈല്‍സിന്റെ മധ്യപൂര്‍വ്വദേശം വൈസ് പ്രസിഡന്റ് ജോണ്‍ ഫ്രഞ്ച് പറഞ്ഞു. സാധാരണക്കാര്‍ക്ക് ആദ്യമായി വാങ്ങാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണായിരിക്കും ലൂമിയ 532. ഏറ്റവും മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരുടെ നൂതനമായ ഫോണായിരിക്കും ഇതെന്നും ജോണ്‍ ഫ്രഞ്ച് പറഞ്ഞു. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണാണ് ലൂമിയ 532 എന്ന് സി ജി സിയുടെ മൊബിലിറ്റി ബിസിനസ് യൂണിറ്റ് തലവന്‍ ജെഹാദ് അല്‍ ഖുദാഹ് പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍, 5 മെഗാപിക്‌സല്‍ ക്യാമറ, ക്വാഡ്‌കോര്‍ പ്രൊസസര്‍ തുടങ്ങി മിതമായ വിലയില്‍ സ്മാര്‍ട്ട് ഫോണ്‍ ലക്ഷ്യമിടുന്ന സാധാരണക്കാര്‍ക്കുള്ള ഉത്തരമാണ് ലൂമിയ 532 എന്നും ജെഹാദ് പറഞ്ഞു.
395 റിയാലിന് ലഭിക്കുന്ന ലൂമിയ 532ന്റെ കൂടെ സ്‌ക്രീന്‍ പൊട്ടക്ടര്‍, പുറം കവര്‍, എക്‌സ്‌ക്ലൂസീവ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ സൗജന്യമായി ലഭിക്കും.
ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ ഒരുമാസം ഐ സി ഫഌക്‌സില്‍ സൗജന്യമായി സിനിമകളും സീരിയലുകളും കാണാനാകും. ഇത് കൂടാതെ രണ്ടുമാസത്തെ ബോക്‌സ് ടി വിയും സൗജന്യമായിരിക്കും. ഉബര്‍ ആപ്ലിക്കേഷനിലൂടെയുള്ള സേവനങ്ങള്‍ക്ക് ആദ്യത്തെ നൂറ് റിയാല്‍ വരെ സൗജന്യമാണ്. ഗാന ആപ്ലിക്കേഷനില്‍ ഒരുമാസത്തെ സൗജന്യ പ്രീമിയര്‍ മെമ്പര്‍ഷിപ്പും ഫോണിനോടൊപ്പം ലഭ്യമായിരിക്കും. പച്ച, ഓറഞ്ച്, വെള്ള, കറുപ്പ് നിറങ്ങളില്‍ ലൂമിയ 532 ഫോണുകള്‍ ഖത്തര്‍ വിപണിയില്‍ ലഭ്യമായിരിക്കും.