ഉപരോധം: മെയ്ഡ് ഇന്‍ ഖത്തര്‍ ഉല്‍പ്പന്നങ്ങള്‍ വിപണി സജീവം

ദോഹ: അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ നേരിടാന്‍ മെയ്ഡ് ഇന്‍ ഖത്തര്‍ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ സജീവം. ഖത്തരി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പ്രചാരണ പരിപാടി കള്‍ തന്നെ സാമ്പത്തിക, വാണിജ്യ കാര്യ മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഖത്തറി ഉല്‍പ്പന്നങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഖത്തറി ഉല്‍പന്നമാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ലോഗോയും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഖത്തരി ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ ചോദിച്ചുവാങ്ങുന്നുണ്ട്. പാലുല്‍പ്പന്നങ്ങള്‍ ധാരാളമായി ഇപ്പോള്‍ ഖത്തരി കമ്പനികള്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് മിക്ക ഖത്തരി കമ്പനികളും ഉല്‍പ്പാദനം വാര്‍ധിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താണു ഖത്തരി കമ്പനികളുടെ പ്രവര്‍ത്തനം. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി എളുപ്പമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഖത്തര്‍ ചേംബറിന്റെ പ്രത്യേക ഏകോപന സമിതിയും ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് ലഭ്യമായതോടെ ഉപഭോക്താക്കളുടെ തിരക്കു കുറഞ്ഞിരിക്കുകയാണ്.