ഖത്തറില്‍ മദ്യത്തിന്റെ ഇറക്കുമതി നികുതി വര്‍ധിപ്പിക്കുന്നു

ദോഹ: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്ന് ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. ഇതിനു പുറമെ ഫാസ്റ്റ് ഫുഡ്, സോഡ, പുകയില, മദ്യം തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ നികുതി(സെലക്ടീവ് നികുതി) സംബന്ധിച്ച നിയമത്തിന് മന്ത്രിസഭ അടുത്തിടെയാണ് അംഗീകാരം നല്‍കിയത്.

പുതിയ നിയമപ്രകാരം തദ്ദേശിയമായി നിര്‍മ്മിച്ചിട്ടുള്ളതും ഇറക്കുമതി ചെയ്തതുമായി ആഡംബര ഉത്പന്നങ്ങള്‍ക്കും മനുഷ്യ ആരോഗ്യത്തിന് ഹാനീകരമാകുന്നവയ്ക്കും നികുതി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

സെലക്ടീവ് നികുതി സംബന്ധിച്ചുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ(ജി.സി.സി.) ഏകീകൃത കരാര്‍ പ്രകാരമാണ് ഖത്തറിലും പുതിയ നിയമം നടപ്പാക്കുന്നത്. ബഹ്‌റൈനില്‍ നടന്ന ജി.സി.സി. സുപ്രീം കൗണ്‍സിലിന്റെ മുപ്പത്തിയേഴാമത് യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. ധന മന്ത്രാലയമാണ് സെലക്ടീവ് നികുതി സംബന്ധിച്ച നിയമം തയാറാക്കി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം മദ്യത്തിന്റെ ഇറക്കുമതി നികുതി ഇരട്ടിയാക്കുന്നതോടെ വിലയിലും വര്‍ധനയുണ്ടായേക്കും. നിലവില്‍ മദ്യത്തിന്റെ വില കൂടുതലാണെന്നിരിക്കെ വീണ്ടും വില വര്‍ധിക്കുന്നതില്‍ ഉപഭോക്താക്കള്‍ പലരും ആശങ്ക പ്രകടമാക്കി. മദ്യം വാങ്ങാനുള്ള പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമാണ് ക്യു.ഡി.സിയില്‍ നിന്ന് മദ്യം നല്‍കുന്നത്.
നോമ്പ് തുടങ്ങുന്നതോടെ ക്യു.ഡി.സി. ഒരുമാസത്തേക്ക് അടയ്ക്കും.

ഇത്തവണ മേയില്‍ നോമ്പിന് തുടങ്ങുന്നതോടെ ഏപ്രിലില്‍ വില്‍പ്പന വര്‍ധിക്കും. മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ മേഖലയേയും സാരമായി ബാധിക്കും.