ഖത്തറില്‍ ഭക്ഷ്യനിയമം ലംഘിച്ച നിരവധി ഭക്ഷണശാലകള്‍ അധികൃതര്‍ അടപ്പിച്ചു

Untitled-1 copyദോഹ: ഭക്ഷ്യനിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഖത്തറിലെ ഒട്ടേറെ പ്രമുഖ ഭക്ഷണശാലകള്‍ അധികൃതര്‍ അടപ്പിച്ചു. മതിയായ ഗുണനിലവാരം പാലിക്കാത്തതിനാല്‍ ഒട്ടേറെ ഭക്ഷണശാലകളാണ് ഈ മാസം താല്‍ക്കാലികമായി അടച്ചത്. കേടുവന്നതോ പഴകിയതോ കാലാവധി കഴിഞ്ഞതോ ആയ ഭക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യശാലകള്‍ പൂട്ടിയത്.

കേടുവന്ന ഭക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് അല്‍ഹിലാല്‍ ഏരിയയിലെ നജ്മയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐസ്‌ക്രീം വില്പനശാലയായ ഗെലാറ്റോ മോണ്ടോ 15 ദിവസത്തേക്കാണ് അടച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഗെലാറ്റോ മോണ്ടോ അടപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി, നഗരാസൂത്രണ മന്ത്രാലയം (എംഎംയുപി) വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

ഐസ്‌ക്രീമുകള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമാണെന്ന് പരിശോധനയില്‍ കണ്ടെന്ന് മന്ത്രാലയം പറയുന്നു. അതേസമയം, തങ്ങളുടെ ഒരു തൊഴിലാളി ഒഴിവാക്കാനിരുന്ന പഴകിയ സ്‌ട്രോബറികള്‍ റഫ്രിജറേറ്ററില്‍ വച്ചതു സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഗലേറ്റോ മോണ്ടോ മാനേജര്‍ വിശദീകരിച്ചതായി ദോഹ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. സ്‌ട്രോബറി ഐസ്‌ക്രീമുകളിലോ ഡസേര്‍ട്ടിലോ ഉപയോഗിച്ചിരുന്നില്ലെന്നും ഒഴിവാക്കാനിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേടുവന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദാറുസ്സലാം മാളിലെ യെലോകാബ് പിസ, പേള്‍ ഖത്തറിലെ ലബനീസ് റസ്റ്റോറന്റ് അല്‍തബ്ഖ എന്നിവ ഈ മാസം അധികൃതര്‍ അടപ്പിച്ചിരുന്നു. ലബനീസ് റസ്റ്റോറന്റ് 30 ദിവസത്തേക്കും യെലോ പിസ 15 ദിവസത്തേക്കുമാണ് പൂട്ടിയത്. ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതായി കണ്ടതിനെ തുടര്‍ന്ന് ദാറുസ്സലാം മാളിലെ ചൗകിംഗ് റസ്റ്റാറന്റും  ഈ മാസാദ്യം 14 ദിവസത്തേക്ക് പൂട്ടിയിരുന്നു. ഈ റസ്റ്റോറന്റ് മുന്‍പും നടപടി നേരിട്ടിരുന്നുവെന് എംഎംയുപി വെബ്‌സൈറ്റില്‍ പറയുന്നു.

കേടുവന്ന ഭക്ഷ്യവസ്തുക്കളെന്നു കണ്ടതിനെ തുടര്‍ന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് ഈയാഴ്ച ഒമ്പത് ടണ്ണോളം  പഴവര്‍ഗങ്ങള്‍ ഫുഡ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തതായും എംഎംയുപി അറിയിച്ചു.