ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ആയിരക്കണക്കിന് ഒഴിവുകള്‍

untitled-1-copyദോഹ: ഖത്തറില്‍ തൊഴില്‍ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി രൂക്ഷമായിരിക്കെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ രണ്ടായിരത്തി അറുന്നൂറിലധികം ജീവനക്കാരെ പുതുതായി നിയമിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു റിക്രൂട്ട്‌മെന്റില്‍ ആരോഗ്യ മന്ത്രാലയം ഇത്രയധികം ഒഴിവുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്കാണ് 2690 ഒഴിവുകള്‍ ഉള്ളതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നേഴ്‌സുമാര്‍, അലൈഡ് ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളിലായി ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലാണ് വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് സാധ്യതയുള്ളത്. അതേസമയം അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളില്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം. ഒഴിവുകള്‍ നികത്തുന്നതിനുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പതിനയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയും അപേക്ഷകള്‍ അയക്കാവുന്നതാണ്.

ഈ വര്‍ഷം ആദ്യത്തില്‍ മലയാളികള്‍ ഉള്‍പ്പെട നൂറുകണക്കിന് ജീവനക്കാരെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. എന്നാല്‍ 2017 അവസാനത്തോടെ ഏഴു ആശുപത്രികള്‍ പുതുതായി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ നടക്കുന്നത്.

ഖത്തറിലെ മറ്റൊരു സൂപ്പർസ്പെഷ്യലിറ്റി ആരോഗ്യ കേന്ദ്രമായ സിദ്രയിലും പുതിയ നിയമനങ്ങൾ നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ക്ലിനിക്കൽ നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലായി നാലായിരത്തോളം ഒഴിവുകളാണ് സിദ്രയിൽ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്..ഇവിടേക്കുള്ള ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ സിദ്രയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.