ദോഹയില്‍ സഞ്ചരിക്കുന്ന സ്‌തനപരിശോധന യൂണിറ്റ്‌ ആരംഭിച്ചു

Story dated:Friday August 19th, 2016,01 25:pm
ads

Untitled-1 copyദോഹ: രാജ്യത്ത്‌ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സ്‌തനാര്‍ബുദത്തിനും ഗര്‍ഭാശയ കാന്‍സറിനും എതിരായുള്ള കാമ്പയിനിന്റെ ഭാഗമായി ദോഹയില്‍ സഞ്ചരിക്കുന്ന സ്‌തനപരിശോധന യൂണിറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തിനകത്ത്‌ പൂര്‍ണമായും സഞ്ചരിച്ച്‌ ആവശ്യക്കാര്‍ക്ക്‌ പരിശോധന നടത്തി സ്‌തനാര്‍ബുദ പരിശോധനയെ പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം.

മുന്‍കൂട്ടി ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ സ്‌തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള പരിശോധനയായ മാമ്മോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധന നടത്തിക്കൊടുക്കും. പരിശീലനം സിദ്ധിച്ച വനിതാ മാമ്മോഗ്രാഫി ടെക്‌നോളജിസ്‌റ്റിന്റേയും നഴ്‌സിന്റെയും സാന്നിധ്യത്തില്‍ നടത്തുന്ന പരിശോധന തികച്ചും സ്വകാര്യമായിട്ടായിരിക്കും നടത്തുക.

പുതിയ കണക്കുപ്രകാരം ദോഹയില്‍ ഒരു ലക്ഷത്തില്‍ 56 പേര്‍ക്ക്‌ സ്‌തനാര്‍ബുദമുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. മധ്യപൂര്‍വ്വ ദേശത്തെയും ഉത്തര ആഫ്രിക്കയിലെയും മൊത്തം ശരാശരിയേക്കാള്‍ അല്‍പ്പം കൂടുതലാണിത്‌. മുന്‍കൂട്ടിയുള്ള പരിശോധനകള്‍ നടത്തുന്നത്‌ അസുഖമുണ്ടെങ്കില്‍ അത്‌ നേരത്തെ കണ്ടെത്തി ചികിത്സ നടത്താന്‍ സഹായകമാകുമെന്ന്‌ ഡോക്ടര്‍മാര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ച സഞ്ചരിക്കുന്ന സ്‌തനപരിശോധന യൂണിറ്റ്‌ ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.

അതെസമയം ഹമദ്‌ മെഡിക്കല്‍ കാര്‍ഡുള്ള നാല്‍പ്പത്തഞ്ചിനും 69 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ സൗജന്യ സേവനം ലഭ്യമാണ്‌. പിഎച്ച്‌സികളില്‍ 8001112 എന്ന നമ്പറിലേക്ക്‌ വിളിച്ച്‌ ബുക്ക്‌ ചെയ്യാവുന്നതാണ്‌.