ചാരായ വാറ്റു കേന്ദ്രത്തില്‍ നാട്ടുകാരുടെ റെയ്ഡ്; കുടിച്ചു കൊണ്ടിരുന്ന പോലീസുകാരന്‍ ഓടി രക്ഷപ്പെട്ടു

പരപ്പനങ്ങാടി : ചാരായ വാറ്റ് കേന്ദ്രത്തിനരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന പോലീസുകാരനടക്കമുള്ള മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുന്നതിനിടെ പോലീസുകാരന്‍ ഓടി രക്ഷപെട്ടു. പരപ്പനങ്ങാടി കൊട്ടന്തലയിലാണ് സംഭവം നടന്നത്. മദ്യപാന സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.

പുറമെ നിന്നും ആളുകള്‍ കൂട്ടമായെത്തി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന പരാതിയുള്ളതിനാല്‍ നാട്ടുകാര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്. ഇതിനിടയിലാണ് ഇന്നലെ ഈ സംഘം വലയിലകപ്പെട്ടത്. ഇവര്‍ വാറ്റ് ചാരായമാണ് കഴിച്ചു കൊണ്ടിരുന്നത് എന്നാണ് സൂചന.

ഓടി രക്ഷപ്പെട്ട പോലീസുകാരന്‍ നേരത്തെ മദ്യപിച്ച് ബൈക്കോടിച്ച് പാലത്തിങ്ങലില്‍ വെച്ച് അപകടത്തില്‍ പെട്ടിരുന്നു. അന്ന് ഇയാളുടെ ബൈക്കില്‍ നിന്ന് നിരോധിക്കപ്പെട്ട പാന്‍മസാലകളുടെ നിരവധി പാക്കുകള്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ലീവിലാണെന്നാണ് റിപ്പോര്‍ട്ട്.

ഏതായാലും സംഭവം നടന്നതനേ്വഷിക്കാന്‍ സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസിന് നിരാശപെടേണ്ടി വന്നില്ല. ഈ സമയത്ത് ഇവിടെ പരസ്യമായി മദ്യപിച്ചു കൊണ്ടിരുന്ന അഞ്ചംഗ സംഘത്തെ പിടികൂടാനായി.