പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ

download (2)ദില്ലി : ലോക്കപ്പ് പീഡനങ്ങളും, കസ്റ്റഡി മരണങ്ങളും തടയാനായി രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ. അമികസ്‌ക്യൂറി അഭിഷേക് മനു സിംഗ്്‌വിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ സുപ്രീം കോടതിക്ക് നല്‍കിയത്.

സിസിടിവി പോലീസ് സ്റ്റേഷനുകളില്‍ എല്ലായിടത്തും സ്ഥാപിക്കണമെന്നും ലോക്കപ്പുകള്‍ ചോദ്യം ചെയ്യല്‍ മുറികള്‍ എന്നിവ ഉള്‍പ്പെടെ സിസിടിവിയുടെ പരിധിയില്‍ വരണമെന്നും ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി ഉദേ്യാഗസ്ഥരെ നിയമിക്കണം. ഈ സിസിടിവി ദൃശ്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കൃത്യമായ ഇടവേളകളില്‍ നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.

ഇതിനുപുറമെ എല്ലാം സംസ്ഥാനങ്ങളിലും 3 മാസത്തിനകം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കാനും ശുപാര്‍ശയില്‍ നിര്‍ദ്ദേശമുണ്ട്. കൂടാതെ പോലീസ് സ്റ്റേഷനുകള്‍ മാധ്യമ ഓഡിറ്റിന് വിധേയമാക്കാനും പറയുന്നുണ്ട്.