മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ഫോണിന് വിലക്കേര്‍പ്പെടുത്തി

modiദില്ലി: മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാനാണ് ഈ നടപടി. മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ഫോണുകള്‍ കൊണ്ടുവരരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ മന്ത്രി സഭായോഗങ്ങളില്‍ മൊബൈല്‍ഫോണിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതാദ്യമാണ് ഇത്തരത്തിലൊരു വിലക്കേര്‍പ്പെടുത്തുന്നത്.

പാക്കിസ്ഥാന്‍, ചൈനീസ് ഹാക്കര്‍മാര്‍ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് രംഗത്തെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രിമാരുടെ കൈവശമുള്ള അത്യാധുനിക മൊബൈല്‍ഫോണുകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന ഭീതിയും ഇതിനുപിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്ക് ചെയ്ത് റെക്കോര്‍ഡിങ് നടത്താന്‍ കഴിയുമെന്നും ഇതുവഴി നിര്‍ണായകമായ വിവരങ്ങള്‍ ചോരാനുള്ള സാധ്യതയുണ്ടെന്നുമാണ് സൂചന.

ഇതിനുപുറമെ ഉറിയിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണ രേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ബാക്കിപത്രമായി ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വന്‍തോതില്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.