പരപ്പനങ്ങാടി നഗരസഭാ യോഗത്തില്‍ കുടിവെള്ളവുമായെത്തി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

 

പരപ്പനങ്ങാടി: ജലസേചന വകുപ്പ്‌ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യമടങ്ങിയതുമൂലം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാരോപിച്ച്‌ പ്രതിഷേധവുമായി നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍. പരപ്പനങ്ങാടി,വള്ളിക്കുന്ന്‌ മേഖലകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമാണ്‌ ശരിയായി ശുദ്ധീകരിക്കാത്തുമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കിയിരിക്കുന്നത്‌. ജനങ്ങളെ ആര്യോഗത്തെ തകര്‍ക്കുന്ന ഈ പ്രശ്‌നത്തില്‍ ഉടനടി നഗരസഭ ഇടപെടണമെന്നാവശ്യപ്പെട്ടാണ്‌ പരപ്പനങ്ങാടി 30 ാം ഡിവിഷനിലെ കൗണ്‍സിലറായ കെ പി എം കോയയും, 45 ാം ഡിവിഷനിലെ കെ.സി നാസറും വീടുകളില്‍ നിന്ന്‌ ശേഖരിച്ച ജനസേചനവകുപ്പിന്റെ കുടിവെള്ളവുമായി കൗണ്‍സില്‍ യോഗത്തിനെത്തിയത്‌.

വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധികള്‍ നഗരസഭയുടെ പലയിടങ്ങളിലും വ്യാപകമാകുന്ന സാഹചര്യത്തില്‍ നഗരസഭ ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധപതിപ്പിക്കുവാനാണ്‌ ഇത്തരമൊരു പ്രതിഷഏധവുമായി രംഗത്തെത്തിയതെന്ന്‌ കൗണ്‍സിര്‍മാര്‍ പറഞ്ഞു. ജലസേചനവകുപ്പിന്‌ പരാതി നല്‍കാനാണ്‌ നഗരസഭയുടെ തീരുമാനം. ഇക്കര്യത്തില്‍ ജലസേചനവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കുടി കണക്കിലെടുത്ത്‌ നടപടികള്‍ സ്വീകരിക്കുമെന്ന്‌ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി ജമീലടീച്ചര്‍ മലബാറിന്യുസിനോട്‌ പറഞ്ഞു.
നൂറുകണക്കിന്‌ വീടുകളിലും നിരവധി ഹോട്ടലുകളിലും ഉപയോഗിക്കുന്നത്‌ ജലസേചന വകുപ്പ്‌ വിതരണം ചെയ്യുന്ന ഈ വെളളമാണ്‌. കടലുണ്ടിപുഴയില്‍ നിന്ന്‌ പമ്പ്‌ഹൗസുകള്‍ വഴി ശേഖരിക്കുന്ന വെള്ളം കൃത്യമായ ട്രീറ്റ്‌മെന്റുകള്‍ നടത്താതെ വിതരണം ചെയ്യുന്നതിനാലാണ്‌ വെള്ളത്തിന്റെ നിറത്തിലും രുചിയിലും വ്യത്യസമുളളതെന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌.

Related Articles