പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനവേദിയില്‍ മന്ത്രിയും എംഎല്‍എയും തമ്മില്‍ തുറന്നപോര്

പരപ്പനങ്ങാടി 110 കെവി സമ്പ് സ്റ്റേഷന്റെയും തിരൂരങ്ങാടി മണ്ഡലം സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനത്തിന്റെ ഉദ്ഘാടന വേദി കക്ഷി രാഷ്ട്രീയ പകപോക്കൽ വേദിയായി തരം താണു.

പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനവേദിയില്‍ വൈദ്യുതിമന്ത്രിയും, അബ്ദുറബ്ബ് എംഎല്‍എയും തമ്മില്‍ തുറന്ന വാക്‌പോര്.
സബ്‌സ്‌റ്റേഷന് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച നിരവധിപേരെ അവഗണിച്ചുവെന്നും ഉദ്ഘാടന ചടങ്ങില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന് മതിയായ പരിഗണന ലഭിച്ചില്ലെന്ന പരാതി ഉണ്ടായിരുന്നു. സബ്‌സ്റ്റേഷന്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് സിഐടിയു നല്‍കിയ സ്വീകരണചടങ്ങില്‍ മന്ത്രിയോട് എല്‍ഡിഎഫിന്റെ പ്രാദേശിക നേതാക്കള്‍ ഈ വിവരം ധരിപ്പിക്കുകയും ചെയ്തു.

ഇതിനിടെ പരപ്പനങ്ങാടി ടൗണില്‍ എംഎല്‍എയും സംഘാടകരും തുറന്ന ജീപ്പുമായി മന്ത്രിയെ ഉദ്ഘാടനവേദിയിലേക്ക് ആനയിച്ച് കൊണ്ടുപോകാന്‍ കാത്തിരുന്നുവെങ്കിലും മന്ത്രി മറ്റൊരു വാഹനത്തില്‍ ഉദ്ഘാടനനഗരിയിലേക്ക് പോകുകയായിരുന്നു.
ഇതിനെ കുറിച്ച് എംഎല്‍എ അബ്ദുറബ്ബ്  തന്റെ അധ്യക്ഷപ്രസംഗത്തില്‍  മന്ത്രിയുമായി ഒരു പ്രശ്നവുമില്ലന്നും മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണന്നും ആരോ ഒരു കള്ളൻ പരിപാടി കലക്കാൻ ഇടയിൽ കയറിയിട്ടുണ്ടെന്നും  വ്യക്തമാക്കി.

തുടർന്ന് പതിനൊന്ന് മിനിറ്റ് ഉൽഘാടന പ്രസംഗം നിർവഹിച്ച മന്ത്രി മണി എട്ടു മിനിറ്റും അബ്ദുറബ്ബിന് മറുപടി പറയാൻ ഉപയോഗപെടുത്തി. തന്നെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും എം എൽ എ ജനാധിപത്യപരമായ മര്യാദ പാലിച്ചില്ലന്നും മന്ത്രി മണി ആരോപിച്ചു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതല്ലാതെ ഇവിടെ വന്നപ്പോൾ പരിപാടി യെ പറ്റി കീഴ്വഴക്കമനുസരിച്ച് എം എൽ എ തന്നെയോ തന്റെ പ്രൈവറ്റ് സെക്രട്ടറിയെയോ ഒരു വിവരവുമറിയിച്ചില്ലന്നും പരിപാടി യിൽ പങ്കെടുക്കാതെ തിരിച്ചു പോയാലോയെന്ന് പോലും ആലോചിച്ചതായും മന്ത്രി പറഞ്ഞു . നേരത്തെ ഏറ്റടുത്ത മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോലും സാധിച്ചല്ലന്നും വ്യക്തമാക്കിയ മന്ത്രി താൻ സി പി എം ന്റെ ഏതെങ്കിലും ചെറിയ നേതാവല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറാണന്നതിനാൽ താൻ പങ്കെടുക്കുന്ന പരിപാടിയിൽ സി പി എം പ്രവർത്തകർ അടുപ്പം കാണിക്കുന്നതും അവരുടെ പങ്ക് പരിഗണിക്കേണ്ടതും സാധാരണമാണ്. മുൻ മന്ത്രി കൂടിയായ അബ്ദുറബ്ബ് മന്ത്രിയെന്ന നിലയിൽ തന്റെ മണ്ഡലത്തിൽ ഒരു പൊതു പരിപാടിക്ക് വന്നാൽ അവിടുത്തെ ലീഗുകാരെ മന്ത്രിയുടെ പാർട്ടിക്കാർ എന്ന നിലയിൽ അവർക്ക് സംഘാടകത്വത്തിൽ മുഖ്യ പങ്ക് കൊടുക്കുമെന്നും അവിടെ ഒരു ലീഗുകാരൻ മാത്രമെയൊള്ളൂവെങ്കിൽ പോലും അവഗണിക്കില്ലന്നും അതാണ് മര്യാദയെന്നും മന്ത്രി മണി ഓർമിപ്പിച്ചു.

തുടർന്ന് വിവാദങ്ങളൊന്നും പരാമർശിക്കാതെ ഇടി മുഹമ്മദ് ബഷീർ എം പി മുഖ്യ പ്രഭാഷണം നടത്തി.

എന്നാല്‍ മന്ത്രി വേദിയില്‍ നിന്ന് പോയ ഉടന്‍ എംഎല്‍എ വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. മന്ത്രി പോകുന്നതിന് മുമ്പേ വേദിയിൽ വെച്ച് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തതായും അദ്ധേഹത്തിന്റെ തെറ്റിദ്ധാരണ മാറിയതായും അബ്ദുറബ്ബ് പറഞ്ഞു , എന്നാൽ പരിപാടിയുടെ സമയ ക്രമത്തെ കുറിച്ച് ഉദ്യാഗസ്ഥർ തനിക്ക് വിവരം തന്നില്ലന്നും അതെ സമയം നേരത്തെ പ്രാസംഗികരായി നിശ്ചയിച്ചവർക്ക് പുറമെ മൂന്നു പേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വിവരം തന്ന എക്സികുട്ടീവ് എഞ്ചിനിയർ , മന്ത്രിയുടെതടക്കമുള്ള പരിപാടിയുടെ നിശ്ചയിച്ച സമയക്രമം സബ ന്ധിച്ചതിന്റെ വിവരം നൽകാതിരിക്കുകയായിരുന്നെന്നും ഇതിന്റെ താല്പര്യം വ്യക്തമാക്കണമെന്നും ആവശ്യപെട്ടു.

നേരത്തെ വേദിയുടെ മുൻ നിരയിലുണ്ടായിരുന്ന നിയുക്ത സിഡ്കോ ചെയര്‍മാനും നേരത്തെ അബ്ദുറബ്ബിനെതിരെ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും ചെയ്ത നിയാസ് പുളിക്കലകത്തിനെ അബ്ദുറബ്ബ് പേരെടുത്ത് വിമർശിച്ചു. ഇന്നു വരെ സ്ഥാനമേറ്റടുത്തിട്ടില്ലാത്ത  നിയാസ് പുളിക്കലകത്ത് ഔദോഗികമായി ആരുമല്ലന്നും കേവലമൊരു പുളിക്കലകത്ത് മാത്രമാണന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ മറ്റുള്ളവരുടെയെല്ലാം പേരു പറഞ്ഞപ്പോൾ അയാളുടെ പേര് ബോധപൂർവം പറയാതിരുന്നതാണന്നും അബ്ദുറബ്ബ് വ്യക്തമാക്കി .ചിലർ വലിയ ആളായി അയാളെ പൊക്കി നടക്കുകയാണന്നും അദ്ധേഹം കൂട്ടി ചേർത്തു . ലീഗിനെയും യു ഡി എഫിനെയും വിഴുങ്ങി കളയാമെന്ന മോഹം നടക്കില്ലന്നും അബ്ദുറബ്ബ് പറഞ്ഞു. ഇതോടെ പൊതു സ്റ്റേജ് രാഷ്ട്രീയ സ്റ്റേ ജാക്കരുതെന്നാവശ്യപെട്ട് സി പി എം പ്രവർത്തകർ പ്രകോപിതരായി സ്റ്റേജിന് പിറകിലെത്തി, സ്റ്റേജ് കയറാനിരുന്ന പ്രവർത്തകരെ പരപ്പനങ്ങാടി എസ് ഐ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സി പി എം, കോൺഗ്രസ്, വ്യാപാരി പാർട്ടി കളിലെ മുതിർന്ന നേതാക്കളും ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.