പരപ്പനങ്ങാടിയിൽ കടലാക്രമണം രൂക്ഷം

parappanangadi copyപരപ്പനങ്ങാടി : ഒരുമാസമായി തുടരുന്ന കടലാക്രമണം തീരദേശത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌. ഇന്നലെ കെട്ടുങ്ങൽ മുതൽ ആലുങ്ങൽ ബീച്ച് വരെ ആഞ്ഞടിച്ച തിരമാലകൾ കരയുടെ നല്ലൊരു ഭാഗം കവർന്നെടുത്തു നിരവധി തെങ്ങുകൾ കട പുഴകി കടലിൽ ഒലിച്ച് പോയി. ശക്തമായ തിരമാലയിൽ വീടുകളിലേക്കും വെള്ളം കയറി വൈദ്യുതി തൂണുകൾ ഏതു സമയവും നിലം പോത്താവുന്ന അവസ്ഥയിലാണുള്ളത് .കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കടൽ പ്രക്ഷുബ്ധമാകുന്നത്.

ചാപ്പപ്പടിയിൽ മൂന്നു മാസം മുമ്പ് റബ്ബറൈസ് ചെയ്ത ടിപ്പുസുൽത്താൻ റോഡ് ഏത് നിമിഷവും കടലെടുക്കുമെന്ന ഭീഷണിയിലാണ് .കഴിഞ്ഞ വർഷത്തെ കടലാക്രമണത്തിൽ . തകർന്ന റോഡ് സംരക്ഷണ ഭിത്തി കെട്ടിയാണ് നിർമ്മിച്ചത് എന്നാൽ റോഡിന്റെ സംരക്ഷണ ഭിത്തിയും തകരുമോ എന്ന ആശങ്കയിലാണ് തീര വാസികൾ. റോഡ് സംരക്ഷിക്കുന്നതിന് വേണ്ടി അധികൃതർ താൽകാലികമായി കല്ലുകൾ നിരത്തിയതിനാൽ ചെറിയൊരു ആശ്വാസത്തിലാണ്‌ നാട്ടുകാർ.

കടൽ ശക്തിയാർജ്ജിക്കുന്നതിന് മുമ്പ് സ്ഥിരം ഭിത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .റോഡിൽ മണൽ നിറഞ്ഞതിനാൽ വാഹന ഗതാഗതവും തടസ്സപെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം കടൽക്ഷോഭത്തിൽ ചാപ്പപ്പടി പള്ളി ഖബർസ്ഥാനിലെ നൂറോളം ഖബറുകൾ ഒലിച്ച് പോയിരുന്നു. ഇവിടെ താൽകാലിക കടൽഭിത്തി കെട്ടിയതോടെയാണ് പള്ളിയടക്കം കടൽക്ഷോഭത്തിൽ നിന്നും രക്ഷപ്പെട്ടത്. ട്രോളിംഗ് നിരോധനവും കടലാക്രമണവും കാരണം കടലോരം കടുത്തവറുതിയിലാണ്. സര്‍ക്കാര്‍ സൌജന്യ റേഷന്‍ അനുവദിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ നിഷ്കര്‍ഷതമൂലം അവ ലഭിക്കാനിനിയും താമസിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കടലാക്രമണം കാരണം പട്ടിണിയാണെങ്കിലും മനസമാധാനത്തോടെ അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് തീരത്തുള്ളത്.